ന്യൂഡല്‍ഹി: കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ തന്റെ യാത്രാ വിവരം മറച്ചു വച്ചതായി റിപ്പോര്‍ട്ട്. കനിക വിമാനത്താവളത്തില്‍ വച്ച് സ്‌ക്രീനിംഗിന് വിധേയ ആയില്ലെന്നും വിവരമുണ്ട്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ കനിക പരിശോധനാ സമയത്ത് വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും മാധ്യമപ്രവര്‍ത്തകയായ പൗലോമി സാഹാ ട്വീറ്റ് ചെയ്തു.
തന്റെ സഹപ്രവര്‍ത്തകന്‍ നല്‍കിയ വിവരം എന്നു പറഞ്ഞാണ് പൗലോമി ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഞായറാഴ്ച ലണ്ടനില്‍ നിന്നെത്തിയ കനിക പിന്നീട് ലഖ്നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു. നൂറോളം ആളുകള്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയിലും അവര്‍ പങ്കെടുത്തു. യാത്രാവിവരം മറച്ചുവച്ച്, പരിശോധനയും നടത്താതെ പാര്‍ട്ടിക്ക് പോയ കനികയുടെ നടപടി കുറ്റകൃത്യമാണെന്നാണ് പൗലോമിയുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതാണെന്നും പൗലോമി അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്നാണ് കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് അവരുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനികയ്ക്കൊപ്പം താനും മകനും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്ന് ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിയില്‍ നിരവധി ഉന്നതര്‍ പങ്കെടുത്തിരുന്നെന്നാണ് വിവരം. ഇവര്‍ ആരൊക്കെയാണെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്.