ജീവിതം സംഗീത സാന്ദ്രമാക്കാൻ സച്ചിനായി നമുക്കും കൈകോർക്കാം

കൊച്ചി : ജീവൻ നിലനിർത്താൻ സച്ചിനെന്ന കലാകാരൻ സുമനസ്സുകളുടെ സഹായം തേടുകയാണ്. ഇനിയും ഏറെയുണ്ട് സച്ചിന്. എന്നാൽ വിധിയിപ്പോൾ അസുഖത്തിന്റെ രൂപത്തിൽ സച്ചിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. കലൂർ കതൃക്കടവ്‌ പാടത്തു തുണ്ടിയിൽ പി എസ്‌ സച്ചിന്റെ ഇരു വൃക്കകളായും തകരാറിലാണ്.

എറണാകുളം മഹാരാജാസ്‌ കോളേജിലെ സംഗീത വിദ്യാർഥിയായിരുന്നപ്പോഴാണ്‌ സച്ചിന് അസുഖം പിടിപെടുന്നത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ ബാലസംഘം എറണാകുളം ഏരിയ സെക്രട്ടറിയും സംഘത്തിന്റെ കുട്ടിക്കൂട്ടം നാടൻപാട്ട്‌ കലാ സംഘത്തിലെ പ്രധാന ഗായകനും ആയിരുന്നു സച്ചിൻ. 1500ൽ അധികം വേദികളിൽ സംസ്ഥാനത്തിന് അകത്തും പുറത്തുമായി സച്ചിൻ നടൻ പാട്ടുകൾ അവതരിപ്പിച്ചു. രോഗം മൂർച്ഛിച്ചതോടെ ഒന്നര വർഷമായി എറണാകുളം മെഡിക്കൽ ട്രസ്‌റ്റിൽ ചികിത്സയിലാണ്‌. ആഴ്‌ചയിൽ മൂന്നു ഡയാലിസിസ്‌ നടത്തിയാണ്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്‌.

മാർക്കറ്റ്‌ ഫെഡിലെ കീഴ്‌ജീവനക്കാരനാണ് സച്ചിന്റെ പിതാവ് പി കെ സാബു. അമ്മ മിനി ഉണ്ടായിരുന്ന താൽക്കാലിക ജോലി മകനെ പരിചരിക്കാനായി ഉപേക്ഷിച്ചു. 13 ലക്ഷത്തിലധികം രൂപ ഇതിനകം ചെലവായി. വൃക്ക മാറ്റിവയ്‌ക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി ഇനിയും 25 ലക്ഷത്തിനു മുകളിൽ ചെലവുണ്ട്‌. സച്ചിന്റെ ചികിത്സാ ആവശ്യത്തിനായി ഇ എസ്‌ ജോസ്‌ ചെയർമാനായും പ്രൊഫ. മോനമ്മ കൊക്കാട്‌, അഡ്വ. മനു റോയി‌, പി എൻ സീനുലാൽ, സിഐസിസി ജയചന്ദ്രൻ എന്നിവർ രക്ഷാധികാരികളായും ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പർ: 522802010009563, ഐഎഫ്‌എസ്‌സി: യുബിഐഎൻ 0552283. സഹായഹസ്തവുമായി ആരെങ്കിലും ഒക്കെ എത്തുമെന്ന പ്രതീക്ഷയിലാണ് സച്ചിന്റെ കുടുംബം.

Top