ഗായിക ശ്രേയ ഘോഷാലിന് ആണ്‍കുഞ്ഞ് പിറന്നു

ന്ത്യയെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഇന്ന് ഉച്ച കഴിഞ്ഞ് ശ്രേയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പുതിയ അതിഥിയുടെ വരവ് താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഭര്‍ത്താവ് ശിലാദിത്യയും കുടുംബവും ഇപ്പോള്‍ അതിയായ സന്തോഷത്തിലാണെന്നും തനിക്ക് ഇത് വളരെ സവിശേഷമായ അനുഭവമാണെന്നും ഗായിക സമൂഹമാധ്യമങ്ങളില്‍ പറഞ്ഞു. പ്രാര്‍ഥിച്ചവര്‍ക്കും ആശംസ അറിയിച്ചവര്‍ക്കും നന്ദി പറയുന്നുവെന്നും ശ്രേയ കുറിച്ചു.

‘ഇന്ന് ഉച്ചതിരിഞ്ഞ് ഒരു ആണ്‍കുഞ്ഞിനെ തന്ന് ദൈവം അനുഗ്രഹിച്ചിരിക്കുന്നു. മുമ്പൊരിക്കലും അനുഭവപ്പെടാത്ത ഒരു വികാരമാണിത്. ഞാനും ശിലാദിത്യയും ഞങ്ങളുടെ കുടുംബവും സന്തുഷ്ടരാണ്. ഞങ്ങളുടെ ചെറിയ സന്തോഷത്തിന് നിങ്ങള്‍ നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി,’ ശ്രേയ ഘോഷാല്‍ ട്വിറ്ററില്‍ പറഞ്ഞു.

താന്‍ അമ്മയാകുകയാണെന്ന വാര്‍ത്ത ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഗായികയുടെ പ്രിയ കൂട്ടുകാരികള്‍ ചേര്‍ന്നൊരുക്കിയ സര്‍പ്രൈസ് ബേബി ഷവര്‍ ചടങ്ങും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ശ്രേയയും ശിലാദിത്യ മുഖോപാധ്യായയും തമ്മില്‍ വിവാഹിതരായത്.

 

Top