ഗാനമേ ഉണരൂ…. ഗാനഗന്ധർവന് ഇന്നു 81ാം ജന്മദിനം; പിറന്നാൾ സമ്മാനമായി 28 ഗായകർ

ലയാളികളുടെ സ്വകാര്യ അഹങ്കാരം, ഗാനഗന്ധർവൻ യേശുദാസിനു ഇന്ന് 81ാം ജന്മദിനം. നിരവധി തലമുറയെ തന്റെ സംഗീതത്തിലൂടെ ഉത്തേജിപ്പിച്ചിട്ടുള്ള യേശുദാസ് ഇത്തവണ പതിവ് തെറ്റിച്ച് പിറന്നാൾ ആഘോഷിക്കുന്നത് അമേരിക്കയിൽ ആണ്. കഴിഞ്ഞ 48 വർഷമായി തന്റെ പിറന്നാൾ കുടുംബ സമേതം, മൂകാംബികയിൽ ആഘോഷിക്കുന്നയാളാണ് യേശുദാസ്. എന്നാൽ കൊറോണ സാഹചര്യത്തിൽ മാർച്ചിൽ വിമാന സർവീസ് ആരംഭിക്കുന്നതോടെ മാത്രമേ അദ്ദേഹത്തിന് നാട്ടിലെത്താൻ സാധിക്കുകയുള്ളു. എങ്കിലും പിറന്നാളിനോട് അനുബന്ധിച്ച് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബിക സംഗീതോത്സവം തന്റെ അസാന്നിധ്യത്തിൽ പതിവ് പോലെ നടത്താൻ യേശുദാസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, യേശുദാസിന് പിറന്നാൾ സമ്മാനമായി 28 ഗായകർ കൈകോർത്ത് സംഗീത വിഡിയോ ഒരുക്കിയിരിക്കുകയാണ്. ശ്വേതാ മോഹൻ സംഗീതമൊരുക്കിയ ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, ജി. വേണുഗോപാൽ, ഉണ്ണി മേനോൻ, ബിജു മേനോൻ, സിതാര, മധുശ്രീ, ഹരിശങ്കര്‍, രാജലക്ഷ്മി, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, വിധുപ്രതാപ്, ജ്യോത്സന, അഫ്സൽ, ശ്രീനിവാസ്, കൃഷ്ണചന്ദ്രൻ, ഗായത്രി, വിജയ് യേശുദാസ്, നിഷാദ് കെ.കെ, അനൂപ് ശങ്കർ, രവി ശങ്കർ, രാകേഷ് ബ്രഹ്മാനന്ദൻ, റിമി ടോമി, രഞ്ജിനി ജോസ്, ആലാപ് രാജു, ദേവാനന്ദ്, ശ്വേത എന്നിവരാ‌ണ് സംഗീത വിഡിയോയിൽ ഒരുമിച്ചത്.

ആറ് പതിറ്റാണ്ടായി സംഗീതാസ്വാദകരുമായി ഇഴുകി ചേർന്ന ശബ്ദമാണ് യേശുദാസിന്റേത്. ആ ശബ്ദം കേൾക്കാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകുന്നില്ലെന്നു തന്നെ പറയാം. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ സൂക്തങ്ങള്‍ ആലപിച്ച് ചലച്ചിത്ര ലോകത്ത് ഹരിശ്രീ കുറിച്ച യേശുദാസ് എന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട മനുഷ്യൻ കൂടിയാണ്. ഒരുകാലത്ത് മതപരമായും ജാതീയമായുമുള്ള അവഗണനകളെ നേരിട്ട അദ്ദേഹം, കർണാടിക് സംഗീത ലോകത്തെ സവർണ മേധാവിത്വത്തെ വെല്ലുവിളിച്ചു കൊണ്ടാണ് പിന്നീട് ഗാനഗന്ധർവ പട്ടം ചാർത്തിയത്.

ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും പാടാൻ അവസരം ലഭിച്ച അപൂർവം ചില ഗായകന്മാരിലൊരാളാണ് യേശുദാസ്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ കരസ്ഥമാക്കിയ ഇദ്ദേഹത്തിനു മറ്റു ഭാഷകളിലെ ആലാപനത്തിനു സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകളും ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തോട് വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌.

Top