ഗായകന്റെ കൊലപാതകം ; മുസ്ലീം മതവിഭാഗക്കാര്‍ ഗ്രാമം ഉപേക്ഷിച്ച് പോയി

ജയ്പൂര്‍: ഗായകന്റെ കൊലപാതകത്തിനെ തുടർന്ന് മുസ്ലീം മതവിഭാഗക്കാര്‍ ഗ്രാമം ഉപേക്ഷിച്ച് പോയതായി റിപ്പോർട്ട്.

ഇരുന്നൂറോളം മുസ്ലീം മതവിഭാഗക്കാരാണ് രാജസ്ഥാനിലെ ദന്താല്‍ ഗ്രാമം ഉപേക്ഷിച്ച് പോയതായി പൊലീസ്‌ പറയുന്നത്.

കൊലപാതകത്തിന്റെ ചുവടുപിടിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഇവരുടെ കൊഴിഞ്ഞു പോകലിന് ഇടയാക്കിയതെന്നും പൊലീസ്‌ വ്യക്തമാക്കി.

രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ ജില്ലയിലെ ഗ്രാമമാണ് ദന്താല്‍.

സെപ്തംബര്‍ 27നാണ് ദന്താലില്‍ അഹമ്മദ് ഖാന്‍ എന്ന പാട്ടുകാരന്‍ കൊല്ലപ്പെട്ടത്. മുസ്ലീം ഉപവിഭാഗമായ ലങ്ക മഗനിയാര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ് അഹമ്മദ് ഖാന്‍.

ആരാധനാലയങ്ങളില്‍ ഹിന്ദു കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും സ്ഥിരമായി പാടിയിരുന്ന ആളായിരുന്നു ഖാന്‍.

കീര്‍ത്തനത്തില്‍ മാറ്റം വരുത്തണമെന്ന് ഹിന്ദു പുരോഹിതരിലൊരാള്‍ നിര്‍ദ്ദേശിച്ചത് വാക്കു തര്‍ക്കത്തിന് ഇടയാക്കുകയായിരുന്നു.

തുടര്‍ന്ന് രമേഷ് സുത്താര്‍ എന്ന പുരോഹിതനും സുഹൃത്തുക്കളും ചേര്‍ന്ന് ഖാന്റെ സംഗീതോപകരണങ്ങള്‍ തകര്‍ക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഗായകന്റെ കൊലപാതകം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിനും പ്രശ്‌നങ്ങള്‍ക്കും തിരികൊളുത്തി. ഇതോടെ തലമുറകളായി ഐക്യത്തോടെ കഴിഞ്ഞിരുന്നു ഹിന്ദുകള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ആരംഭിച്ചെന്ന് ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥനായ ഗൗരവ് യാദവ് പറയുന്നു.

പിന്നീട് പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ദന്തലില്‍ നിന്നും മുസ്ലീം വിഭാഗക്കാര്‍ കൂട്ടത്തോടെ നാടുവിട്ടു തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇരുപതോളം കടുംബങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ഇരുന്നൂറോളം പേരാണ് ദന്താലില്‍ നിന്നും പോയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പുരോഹിതനെ അറസ്റ്റ് ചെയ്തതായും ഗൗരവ് കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷം രൂക്ഷമായാല്‍ ദന്താലില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന ഭീതിയെ തുടര്‍ന്നാണ് നാട്ടുകാര്‍ ഗ്രാമം വിട്ടു പോവുന്നത്. ദന്തല്‍ ഗ്രാമം ഉപേക്ഷിച്ചു പോയ ഗ്രാമവാസികള്‍ അടുത്ത ഗ്രാമത്തിലെ സ്‌കൂള്‍ കെട്ടിടത്തിലാണ് ഇപ്പോഴുള്ളത്.

പ്രാദേശിക ഭരണകൂടവും സര്‍ക്കാരും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ഗൗരവ് വ്യക്തമാക്കി.

Top