തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി.നിലവിലെ കലക്ഷന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി നിര്‍ണയിക്കുന്ന സംവിധാനത്തിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമുയരുകയും കോടതി ഇടപെടലുകളടക്കം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ആഴ്ചയില്‍ കുറഞ്ഞത് ആറുദിവസമെങ്കിലും ജോലിക്ക് എത്തേണ്ടിവരും.ഏപ്രില്‍ ഒന്നോടെ ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ സിംഗിള്‍ ഡ്യൂട്ടിയിലേക്ക് മാറും. ഒരു ഡ്യൂട്ടിയില്‍ എട്ടുമണിക്കൂറാണ് സ്റ്റിയറിങ് സമയം. ഇതില്‍ ഏഴുമണിക്കൂര്‍ ബസ് ഓടേണ്ടിവരും. അരമണിക്കൂര്‍ വിശ്രമവും.
ട്രിപ് തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും അനുബന്ധ ജോലികള്‍ക്ക് 15 മിനിറ്റ് വീതമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഡ്യൂട്ടി സമയം തീരുന്ന മുറക്ക് ജീവനക്കാര്‍ മാറുകയും, അതില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവന്നാല്‍ ഇരട്ടിവേതനം ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഒരാഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു വീക്ക്‌ലി ഓഫിന് അര്‍ഹതയുണ്ട്. പരമാവധി 54 മണിക്കൂറേ ഒരാഴ്ച ജോലി നല്‍കുകയുള്ളൂ.ഡബിള്‍ ഡ്യൂട്ടി സംവിധാനം പിന്‍വലിച്ച് കഴിഞ്ഞ ഒക്ടോബര്‍ 11 നാണ് ഡ്യൂട്ടി പുനഃക്രമീകരിച്ചത്. ബസിന്റെ വരുമാനം കൂടി കണക്കിലെടുത്തായിരുന്നു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്.
നേരത്തെ, ഒന്നര ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ചില ജീവനക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞയാഴ്ച സി.ഐ.ടി.യു യൂനിയന്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രധാന നിര്‍ദേശം തന്നെ നടപ്പാക്കുകയായിരുന്നു. എട്ടുദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ശേഷം ഒരുമാസത്തെ ഹാജറുമായി മടങ്ങുന്ന തൊഴിലാളികളുടെ പ്രവണതയടക്കം ഇതോടെ അവസാനിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറയുന്നു.