മെല്‍ബണ്‍: കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇതിനോടകം ലോകമെമ്പാടും 120 പരീക്ഷണ വാക്‌സിനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 10 എണ്ണത്തിന് മാത്രമേ ഇതുവരെ മനുഷ്യനില്‍ പരീക്ഷണം നടത്താനുള്ള ഘട്ടത്തിലേക്ക് എത്താന്‍ സാധിച്ചിട്ടുള്ളു.
അതേസമയം, ഇതില്‍ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നത് നാലെണ്ണത്തിനാണ്.
ചൈനയുടെ കാന്‍സിനൊ അദെനൊവൈറസ് വാക്‌സിന്‍, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ അദെനൊവൈറസ് വാക്‌സിന്‍, അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണയുടെ എം ആര്‍എന്‍എ വാക്‌സിന്‍,മറ്റൊരു അമേരിക്കന്‍ കമ്പനിയായ നൊവാവാക്‌സിന്റെ വാക്‌സിന്‍ എന്നിവയാണ് അവ.
ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ്, ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചൈനയിലെ വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി കഴിഞ്ഞു. 2020 അവസാനത്തോടെ ഇത് ആഗോള വിപണിയില് ലഭ്യമാകുമെന്നാണ് കരുതുന്നത്. നിര്‍ജീവമാക്കിയ കൊറോണ വൈറസിനെയാണ് ഈ വാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നത്.
ചൈനയില്‍ മാത്രം അഞ്ച് വാക്‌സിനുകളാണ് വിവിധ കമ്പനികള്‍ ചേര്‍ന്ന് വികസിപ്പിച്ചിട്ടുള്ളത്. ഇതില്‍ സിനോവാക് ബയോടെക് വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഇവര്‍ വികസിപ്പിച്ച വാക്‌സിന്‍ കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് 99 ശതമാനം വിജയ സാധ്യതയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ എം.ആര്‍എന്‍എ വാക്‌സിന്‍ മനുഷ്യരില്‍ രണ്ടാം ഘട്ട പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. ജൂലൈയില്‍ 600 പേരിലാണ് പരീക്ഷണം നടത്തുക. അതേസമയം, കോവിഡ് ബാധയില്‍ മുന്നില്‍ നില്‍ക്കുന്ന റഷ്യയും വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തില്‍ പങ്കാളി ആയിട്ടുണ്ട്. 50 വ്യത്യസ്ത വാക്‌സിനുകളാണ് റഷ്യയില്‍ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ഫിസര്‍ വികസിപ്പിച്ച വാക്‌സിനും മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വാക്‌സിന്‍ വികസിപ്പിച്ച് നാല് മാസങ്ങള്‍ കൊണ്ട് അത് മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള യോഗ്യത നേടിയത് റെക്കോര്‍ഡ് ഫസറിന്റെ എം ആര്‍എന്‍എ വാക്‌സിനാണ്.