ഇന്ത്യന്‍ ബോളിംഗിന്റെ ശക്തിയായ ജസ്പ്രിത് ബുംറയെ ഓസ്‌ട്രേലിയക്കെതിരെ ഈ മാസം 12 ന് ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതറിഞ്ഞ് സന്തോഷിച്ച് നില്‍ക്കുകയാണ് ഓസിസ് ടീം.
എന്നാല്‍ പരമ്പരയില്‍ ഓസീസ് ബാറ്റ്‌സ്മാന്മാരുടെ പേടി സ്വപ്നമാകുമെന്ന് കരുതിയിരുന്ന ബുംറയില്ലാത്തത് ഇന്ത്യന്‍ ബോളിംഗിന്റെ ശക്തി കുറയ്ക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി, ബുംറയ്ക്ക് പകരം ടീമിലുള്‍പ്പെടുത്തിയിരിക്കുന്ന വലം കൈയ്യന്‍ പേസര്‍ മൊഹമ്മദ് സിറാജ് കൃത്യമായ പദ്ധതികളോടെയാണ് ഓസീസിലെത്തിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ഓസിസിനെതിരായ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സിറാജ് ആദ്യം സംസാരിച്ചത് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയോടാണ്. ‘ സെലക്ഷന്‍ ലഭിച്ചതിന് പിന്നാലെ താന്‍ നെഹ്‌റയോട് സംസാരിച്ചിരുന്നു. ഓസീസ് താരങ്ങള്‍, പുള്‍ഷോട്ടുകളും, കട്ട് ഷോട്ടുകളും നന്നായി കളിക്കും. സ്റ്റമ്പിന് നേരെ ഫുള്‍ ലെംഗ്ത്ത് പന്തുകള്‍ എറിയാനാണ് നെഹ്‌റ തന്നോട് പറഞ്ഞത്. തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കാനും അദ്ദേഹം ഉപദേശിച്ചു.’ സിറാജ് പറഞ്ഞുനിര്‍ത്തി.
ഇന്ത്യയില്‍ വെച്ച് ഓസീസിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്‍പ് വിശ്രമം ആവശ്യമായതിനാലാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യ ബുംറയെ ഒഴിവാക്കിയത്.