ഡല്‍ഹി: മദ്യനയക്കേസില്‍ സിബിഐ അറസ്റ്റുചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല. ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് പത്തിലേക്ക് മാറ്റി. അതിനിടെ സിസോദിയയുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസംകൂടി നീട്ടി. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് റോസ് അവന്യൂ കോടതിയുടെ തീരുമാനം.
കഴിഞ്ഞ ഞായറാഴ്ചയാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്യുന്നത്. വെള്ളിയാഴ്ച ജാമ്യം തേടി സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ശനിയാഴ്ച വാദം കേട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പത്തിലേക്ക് മാറ്റി.
അതേസമയം മൂന്നുദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐ റോസ് അവന്യൂ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടുദിവസംകൂടി നീട്ടിനല്‍കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചിട്ടും നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്ത് മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും മനീഷ് സിസോദിയയുടെ അഭിഭാഷാകന്‍ കോടതിയില്‍ വാദിച്ചു.
രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യം സിസോദിയ കോടതിയില്‍ ഉന്നയിച്ചത്.