കൊച്ചി : സിസ്റ്റര്‍ അഭയ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം സിബിഐ കോടതിയാണ് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജികളില്‍ വിധി പറയുന്നത്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിനെ പ്രതിയാക്കിയ നടപടിക്കുമേലുള്ള സ്റ്റേ നീക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സാഹചര്യത്തെളിവുകളുടേയും നാര്‍ക്കോ ടെസ്റ്റിന്റേയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ആറുമാസം കഴിഞ്ഞ് പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനുപിന്നാലെയാണ് കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്. സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്കെതിരാണെന്നും വിചാരണയിലേക്ക് കടന്ന് സാക്ഷിവിസ്താരം തുടങ്ങുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഹര്‍ജികളെ എതിര്‍ത്ത് സിബിഐ വാദിച്ചു.
ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിനെ നാലാം പ്രതിയാക്കാന്‍ നേരത്തേ സിബിഐ കോടതി ഉത്തരവിട്ടിരുന്നു. ഇത് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.