അഭയ കേസ്; നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി : സിസ്റ്റര്‍ അഭയ കേസില്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഈ മാസം പത്ത് വരെയാണ് വിചാരണ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ്.

2007ല്‍ നാര്‍കോ അനാലിസിസ് നടത്തിയ ഡോ. എന്‍. ക്യഷ്ണവേണി, ഡോ. പ്രവീണ്‍ പര്‍വതപ്പ എന്നിവരെ വിസ്തരിക്കാന്‍ സിബിഐ കോടതി നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ വിചാരണ കോടതിയെ സമീപിച്ചതായും ഹര്‍ജിയില്‍ പറയുന്നു. ഇവരുടെ വിസ്താരം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ഹര്‍ജി.

തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും, നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകള്‍ സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികളുടെ സമ്മതത്തോടെ നാര്‍ക്കോ അനാലിസിസ് നടത്തിയാലും വെളിപ്പെടുന്ന കാര്യങ്ങള്‍ തെളിവായി ഉപയോഗിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Top