കണ്ണൂര്‍: സ്‌കൂള്‍ വിട്ട് സഹോദരനോടൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്ന മൂന്നാംക്ലാസുകാരി ബസിടിച്ചു മരിച്ചു.
അലവില്‍ ഒറ്റത്തെങ്ങിലെ അജിത്തിന്റെ മകള്‍ അഭിനന്ദ(ഒമ്പത്)യാണു മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഒറ്റത്തെങ്ങിലെ കള്ളുഷാപ്പിനു സമീപമായിരുന്നു അപകടം. അഴീക്കോട് പൂതപ്പാറ വെസ്റ്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് ഇടിച്ചായിരുന്നു അപകടം. ബസിടിച്ചു റോഡിലേക്കു തെറിച്ചുവീണ അഭിനന്ദയെ നാട്ടുകാര്‍ ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതേ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് സഹോദരന്‍ അനുജിത്ത്. അനുജിത്ത് പിന്നിലേക്കു മാറിയതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു.