പട്ടണിക്കിട്ട് കൊല്ലാന്‍ ശ്രമം, സഭയില്‍ നിന്ന് നേരിടുന്നത് കൊടിയ പീഡനം: ലൂസി കളപ്പുര

വയനാട്: സഭാ നേതൃത്വത്തിനെതിരേ വീണ്ടും ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര.തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. മഠത്തില്‍ തനിക്ക് ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു.

മഠത്തില്‍ വലിയ വിവേചനമാണ് നേരിടുന്നതെന്നും മഠത്തില്‍ നിന്ന് ഇറങ്ങിപോകാന്‍ നിരന്തരമായി ഇവര്‍ ആവശ്യപ്പെടുന്നതായും സിസ്റ്റര്‍ ആരോപിച്ചു. സഭാവസ്ത്രം ഇനി ധരിക്കരുതെന്ന് മഠാധികൃതര്‍ നിര്‍ബന്ധിക്കുന്നതായും സിസ്റ്റര്‍ ലൂസി കളപ്പുര വെളിപ്പെടുത്തി.നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു.

മഠാധികൃതര്‍ക്കെതിരേ നേരത്തെ മൂന്ന് പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു.മൂന്നിലും വെള്ളമുണ്ട പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്സിസി സന്യാസി സമൂഹത്തില്‍ നിന്ന് ലൂസിയെ പുറത്താക്കിയിരുന്നു. എന്നാല്‍ മഠത്തില്‍ നിന്നും പുറത്താക്കുന്നതിനെതിരെ സിസ്റ്റര്‍ നല്‍കിയ ഹര്‍ജിയില്‍ സഭാ നടപടി നടപ്പാക്കുന്നത് താല്‍കാലികമായി മരവിപ്പിച്ചുകൊണ്ട് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഹര്‍ജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

Top