വയനാട്: സിസ്റ്റര്‍ അഭയ കൊലക്കേസ് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. വളരെയധികം അഭിമാനം തോന്നുന്ന ദിവസമെന്നായിരുന്നു. പുരോഹിതര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇനിയും മൂടിവെക്കപ്പെടുമെന്ന് കരുതരുത്. സഭാ നേതൃത്വം മാപ്പു പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. കന്യാസ്ത്രീ മഠങ്ങളില്‍ മരിച്ച 20ല്‍ അധികം കന്യാസ്ത്രീകളുടെ ആത്മാക്കള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും ലൂസി കളപ്പുര പറഞ്ഞു.
28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് അഭയയ്ക്ക് നീതി ലഭിച്ചിരിക്കുന്നത്. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സെഫിക്കെതിരെ കൊലക്കുറ്റവും തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നിവ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്ടതിന് പിന്നാലെ കുടുംബത്തിന്റെ പ്രതികരണം.