സ്വത്ത് നല്‍കാത്തതില്‍ വൈരാഗ്യം; വീട്ടമ്മയെ തീകൊളുത്തി കൊന്നത് സഹോദരിയുടെ മകന്‍

ഇടുക്കി മുട്ടം: മുട്ടത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയായ, സഹോദരിയുടെ മകനെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് 31-ന് തോട്ടുങ്കര ഊളാനിയില്‍ സരോജിനി (75) മരിച്ച സംഭവത്തില്‍ ശല്യാംപാറ വരികില്‍ സുനില്‍കുമാറിനെയാണ്(52) മുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

ഉറങ്ങിക്കിടന്നിരുന്ന സരോജിനിയുടെ ദേഹത്ത് ഇയാള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മണ്ണെണ്ണക്കുപ്പിയടക്കമുള്ള തെളിവുകള്‍ പൊലീസ് കണ്ടെടുത്തു. 2013 മുതല്‍ ഒപ്പം താമസിച്ചിരുന്ന സുനില്‍കുമാറിന്, തന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുക്കളും നല്‍കാമെന്ന് സരോജിനി പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് സുനിലടക്കമുള്ള, സരോജിനിയുടെ രണ്ടു സഹോദരിമാരുടെ ഒന്‍പതു മക്കളുടെയും പേരില്‍ സ്വത്ത് ഭാഗിച്ചു നല്‍കി.

ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍, ഉറങ്ങുകയായിരുന്ന സരോജിനിയെ തീകൊളുത്തി കൊല്ലുകയായിരുന്നു. അടുപ്പില്‍നിന്നാണ് തീപിടിച്ചതെന്ന് സ്ഥാപിക്കാന്‍ സുനില്‍കുമാര്‍ തെളിവുകളുണ്ടാക്കുകയും ചെയ്തു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സുനില്‍കുമാറിനെ അന്വേഷണവിധേയമായി കസ്റ്റഡിയിലെടുത്തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. എന്നാല്‍ സംശയം തോന്നിയ പൊലീസ് രഹസ്യമായി തുടരന്വേഷണം നടത്തി.

തൊടുപുഴ ഡിവൈ.എസ്.പി. രാജപ്പന്‍ റാവുത്തര്‍ ഇതിന് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. ഇവര്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചു. ബുധനാഴ്ച രാവിലെ സുനിലിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. മുട്ടം സി.ഐ. വി.ശിവകുമാര്‍, എസ്.ഐ. അനില്‍കുമാര്‍, എ.എസ്.ഐ. ജയചന്ദ്രന്‍ എസ്., സി.പി.ഒ. റഷീദ് കെ.യു. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

Top