ദുൽഖർ സൽമാൻ നായകനായ ‘സീതാരാമം’ തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലേയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചിത്രമായിരുന്നു. ഒറ്റ ദിവസം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം സ്വന്തമാക്കിയത്. റിലീസിന് മുന്നോടിയായി പുറത്ത് ഇറങ്ങിയ ട്രെയിലറും സൂപ്പർ ഹിറ്റായിരുന്നു. ആഗസ്റ്റ് 5 ന് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബർ 2 നാണ് എത്തിയത്. ഡോ. ജയന്തിലാല്‍ ഗാഡയുടെ പെന്‍ സ്റ്റുഡിയോസ് ആണ് ചിത്രം ഹിന്ദിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബോയ്ക്കോട്ട് ക്യാമ്പയിനുകൾ മൂലം ഹിന്ദി ചിത്രങ്ങൾ കൂട്ടത്തോടെ തിയറ്ററുകളിൽ തകർന്ന് അടിയുന്ന നേരത്താണ് ദുൽഖർ സൽമാന്റെ സീതാരാമം പ്രദർശനത്തിന് എത്തിയതെന്നതും ഈ വിജയത്തിൽ പ്രത്യേകം ഓർക്കേണ്ട ഒന്നാണ്. എന്നാൽ ചിത്രത്തെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. വളരെ പരിമിതമായ റിലീസുകളും കുറഞ്ഞ പ്രമോഷനുമായിരുന്നു നടത്തിയത്. അതിനാൽ ആദ്യദിനം ശരാശരി കളക്ഷനാണ് ലഭിച്ചത് എങ്കിലും വരും ദിവസങ്ങളിൽ ഇത് വർധിക്കാൻ സാധ്യതയുണ്ട്.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചത്. സീതയായിട്ടാണ് നടി മൃണാൾ താക്കൂർ എത്തിത്. അഫ്രീൻ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.വൈജയന്തി മൂവീസും സ്വപ്‍ന സിനിമയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു.