ന്യൂഡല്‍ഹി: രാജ്യസഭയിലേക്കു വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ കത്തു നല്‍കിയതിനു പിന്നാലെയാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
മത്സരിക്കാനില്ലെന്ന കാര്യം പൊളിറ്റ് ബ്യൂറോയെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര കമ്മിറ്റിയില്‍ ചൊവ്വാഴ്ച നിലപാട് വ്യക്തമാക്കുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നുതന്നെയാണ് സിപിഎം പൊളിറ്റ് ബ്യൂറോയുടെ തീരുമാനം. ഓഗസ്റ്റ് 18ന് ആണ് രാജ്യസഭയില്‍ യെച്ചൂരിയുടെ കാലാവധി തീരുന്നത്.
യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്നാണു ബംഗാള്‍ ഘടകത്തിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മാത്രമേ യെച്ചൂരിക്ക് ജയിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് തെറ്റായ സന്ദേശത്തിന് ഇടയാക്കുമെന്ന് കണ്ടാണ് യെച്ചൂരിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്.