യു.പിയില്‍ സമാജ് വാദി (എസ്പി) പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും (ബിഎസ്പി) സഖ്യം ഉണ്ടാക്കണമെന്ന് സി.പി.എമ്മിനോളം ആഗ്രഹിച്ച മറ്റൊരു പാര്‍ട്ടി ഉണ്ടാകില്ല. കേന്ദ്രത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇത്തരമൊരു സഖ്യം അനിവാര്യമാണെന്ന തിരിച്ചറിവിലായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇരു പാര്‍ട്ടികളിലെയും നേതൃത്വത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി സഖ്യം പൊളിക്കാന്‍ ബി.ജെ.പി അണിയറയില്‍ നടത്തിയ നീക്കത്തില്‍ വീണു പോകാതിരിക്കാന്‍ ഇരു പാര്‍ട്ടി നേതൃത്വങ്ങളുമായി യെച്ചൂരി സംസാരിച്ചിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
സമാജ് വാദി പാര്‍ട്ടി (എസ്പി) സ്ഥാപക നേതാവും അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിങ് യാദവുമായാണ് ആദ്യം യെച്ചൂരി സംസാരിച്ചത്.
യു.പിയില്‍ ഒരു സീറ്റിലെങ്കിലും സഖ്യമായി മത്സരിക്കാന്‍ സി.പി.എം സംസ്ഥാന ഘടകത്തിന് താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും സി.പി.എമ്മിന് സീറ്റ് ലഭിക്കുക എന്നതിനേക്കാള്‍ യു.പി യില്‍ ബി.ജെ.പി തകരുക എന്ന രാഷ്ട്രീയ നിലപാടാണ് യെച്ചൂരി സ്വീകരിച്ചത്.
സമാജ് വാദി പാര്‍ട്ടിയും(എസ്പി) ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും(ബിഎസ്പി) തമ്മില്‍ നടന്ന സഖ്യ ചര്‍ച്ചയില്‍ ആകെയുള്ള 80 സീറ്റില്‍ 37 സീറ്റ് വീതം ഇരു പാര്‍ട്ടികളും പങ്കിട്ടെടുക്കുകയായിരുന്നു. സോണിയ മത്സരിക്കുന്ന റായ്ബറേലി രാഹുല്‍ മത്സരിക്കുന്ന അമേഠി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്നും സഖ്യം തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ള 4 സീറ്റുകള്‍ ആര്‍എല്‍ഡിക്കും നിഷാദ് പാര്‍ട്ടിക്കും നല്‍കും. 6 സീറ്റ് വേണമെന്നാണ് ആര്‍എല്‍ഡിയുടെ നിലപാട്.
2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 സീറ്റില്‍ 71 ഉം നേടിയത് ബി.ജെ.പിയാണ്. എന്നാല്‍ വോട്ടിങ്ങ് നിലവാരം വച്ചു നോക്കിയാല്‍ സമാജ് വാദി പാര്‍ട്ടിയും(എസ്പി) ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും(ബിഎസ്പി) ചേരുമ്പോള്‍ 41 മണ്ഡലങ്ങളില്‍ ഈ സഖ്യത്തിന് നിലവില്‍ മുന്‍തൂക്കമുണ്ട്. ഭരണവിരുദ്ധ വികാരം കൂടി കണക്കിലെടുക്കുമ്പോള്‍ സീറ്റുകളുടെ എണ്ണം 50 ആയി ഉയരുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ് യാദവും മായാവതിയും.
സി.പി.എം കണക്കു കൂട്ടലും ഇതു തന്നെയാണ്. കേന്ദ്രത്തില്‍ ബി.ജെ.പി – കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടുക മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രാദേശിക പാര്‍ട്ടികളുമായി ധാരണയുണ്ടാക്കുക എന്നതാണ് സി.പി.എം തന്ത്രം. ചുരുങ്ങിയത് 30 സീറ്റെങ്കിലും നേടുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം. കിസാന്‍ സഭ നടത്തിയ കര്‍ഷക സമരങ്ങള്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ ചലനങ്ങളെ പ്രതീക്ഷയോടെയാണ് സി.പി.എം കാണുന്നത്.
ബംഗാളില്‍ തൃണമൂല്‍ എം.പിമാര്‍ ബി.ജെ.പി പാളയത്തില്‍ എത്തുന്നത് ആയുധമാക്കി ന്യൂനപക്ഷ വോട്ട് അനുകൂലമാക്കാന്‍ സി.പി.എം ശ്രമം തുടങ്ങിയിട്ടുണ്ട്. ത്രിപുരയില്‍ സംഘപരിവാര്‍ ആക്രമണത്തിനെതിരായ വിധിയെഴുത്തുണ്ടാകും എന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും മറ്റു പ്രാദേശിക പാര്‍ട്ടികളുമായും ധാരണ ഉണ്ടാക്കാനാണ് ശ്രമം. തമിഴകത്ത് മുന്‍പ് കോയമ്പത്തൂര്‍, മധുര മണ്ഡലങ്ങളില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച ചരിത്രമുള്ളതിനാല്‍ രണ്ട് സീറ്റെങ്കിലും കിട്ടണമെന്നതാണ് താല്‍പ്പര്യം.
ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയും കമലിന്റെ മക്കള്‍ നീതിമയ്യം പാര്‍ട്ടിയുമായി സഹകരിച്ചും നേട്ടമുണ്ടാക്കാനാണ് താല്‍പ്പര്യം. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ ആംആദ്മി പാര്‍ട്ടിയുമായി സഹകരിക്കാനും സി.പി.എം തയ്യാറാണെന്നാണ് സൂചന. പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാര്‍ട്ടിക്കും ഇടത് ട്രേഡ് യൂണിയനുകള്‍ക്കും നല്ല സ്വാധീനമുണ്ട്. സഖ്യ കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിലപാട് നിര്‍ണ്ണായകമാകും.
കെജരിവാള്‍ ലഫ്.ഗവര്‍ണ്ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗവര്‍ണ്ണറുടെ വസതിയില്‍ നിരാഹാരം കിടന്നപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ പിണറായി വിജയനും നേരിട്ട് എത്തിയിരുന്നു.
ഇതിനു മുന്‍പ് കേരള ഹൗസില്‍ എത്തി പിണറായിയെ കെജരിവാള്‍ സന്ദര്‍ശിച്ചതും വലിയ വാര്‍ത്തയായിരുന്നു. മോദി സര്‍ക്കാറിനെതിരെ ഏറ്റുമുട്ടുന്ന രണ്ട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയെ ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളും ആകാംക്ഷയോടെയാണ് നോക്കി കണ്ടിരുന്നത്.
മതേതര കക്ഷികളുമായി ധാരണ ഉണ്ടാക്കി പരമാവധി സീറ്റുകള്‍ നേടുക എന്ന സി.പി.എം തന്ത്രം തന്നെ കേന്ദ്രത്തിലെ കണക്കില്‍ കണ്ണും നട്ടാണ്.
ബംഗാളില്‍ മമതക്ക് പഴയ മുന്നേറ്റം ഇത്തവണ സാധ്യമാകില്ലെന്ന് തന്നെയാണ് സി.പി.എം വിലയിരുത്തല്‍. ചെങ്കൊടിയുടെ ശത്രുവായ മമത കേന്ദ്രത്തില്‍ അധികാര കേന്ദ്രമാകുന്നത് സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നില്ല.
ടി.ആര്‍.എസ് – തൃണമൂല്‍ കുറു മുന്നണിയുടെ അവകാശവാദങ്ങള്‍ പൊളിക്കാന്‍ യു.പിയിലെ മായാവതി – അഖിലേഷ് യാദവ് സഖ്യത്തിനു കഴിയുമെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്.
ഇടതുപക്ഷ പാര്‍ട്ടികള്‍, സമാജ് വാദി പാര്‍ട്ടി(എസ്പി), ബഹുജന്‍ സമാജ് വാദി പാര്‍ട്ടി(ബിഎസ്പി), ആര്‍.ജെ.ഡി, ബിജു ജനതാദള്‍, തെലുങ്കുദേശം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് ,ജനതാദള്‍ (എസ്), ആം ആദ്മി പാര്‍ട്ടി തുടങ്ങിയ കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ സീറ്റു ലഭിച്ചാല്‍ പ്രധാനമന്ത്രി പദം അവകാശപ്പെടാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ലെന്നാണ് സി.പി.എം കണക്കു കൂട്ടല്‍. ഈ സാഹചര്യത്തില്‍ ടി.ആര്‍.എസും തൃണമൂല്‍ കോണ്‍ഗ്രസ്സും പ്രതിപക്ഷ ചേരിയോടൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യും.
മൂന്നാം ചേരിയില്‍ നിന്നും പൊതു സമ്മതനായ ഒരു പ്രധാനമന്ത്രിയെ കണ്ടെത്തുക പ്രയാസമുള്ള കാര്യമാണെങ്കിലും ബി ജെ പി വീണ്ടും അധികാരത്തില്‍ എത്താതിരിക്കാന്‍ പാര്‍ട്ടികള്‍ വിട്ടുവീഴ്ച ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് സി.പി.എം നേതൃത്വം.
വി.പി.സിംഗ്, ചന്ദ്രശേഖര്‍, ഗുജ്‌റാള്‍ എന്നിവരെ പ്രധാന മന്ത്രിമാരാക്കാന്‍ ചരടുവലിച്ച് മൂന്നാം മുന്നണിക്ക് നേതൃത്വം കൊടുത്ത പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തിയാണ് സീതാറാം യെച്ചൂരിയുടെ നീക്കം.
മൂന്നാം മുന്നണി സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ ദേശീയ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്ന സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ വലം കൈ ആയിരുന്നു യെച്ചൂരി.
ജോതി ബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള ക്ഷണം നിരസിച്ചതിനാല്‍ അന്നും ഇന്നും അധികാര കൊതി ഇല്ലാത്ത പാര്‍ട്ടിയാണ് എന്ന ഇമേജ് ദേശീയ തലത്തില്‍ ഇപ്പോഴും സി.പി.എമ്മിനുണ്ട്.
ഒന്നാം യു.പി.എ സര്‍ക്കാറിന് സി.പി.എം പിന്തുണ കൊടുത്ത സമയത്തും യു.പി.എ സര്‍ക്കാറുമായി കൂടിയാലോചനക്കുണ്ടാക്കിയ സമിതിയിലും യെച്ചൂരി അംഗമായിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തെ പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ബി.ജെ.പിക്ക് മുന്നില്‍ പ്രധാന മാര്‍ഗ്ഗതടസ്സവും യെച്ചൂരി എന്ന സി.പി.എം ജനറല്‍ സെക്രട്ടറിയാകും.
political reporter