മോദിയുടെ നുണപ്രചരണം; ആഗോളതലത്തില്‍ ഇന്ത്യ അപമാനിക്കപ്പെടുന്നുവെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മോദി നുണകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ആഗോളതലത്തില്‍ ഇന്ത്യ അപമാനിക്കപ്പെടുന്നുവെന്നാണ് യെച്ചൂരി പറയുന്നത്.

ബാലാകോട്ട് വ്യോമാക്രമണം ആള്‍നാശമുണ്ടാക്കുവാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ പറഞ്ഞതിന് പിന്നാലെയാണ് യെച്ചൂരി ഇത്തരത്തില്‍ പ്രതികരിച്ചത്.

‘ബാലാകോട്ട് ആക്രമണം ആള്‍നാശമുണ്ടാക്കിയില്ലെന്ന് മോദിയുടെ മന്ത്രി ക്യാമറക്ക് മുന്നില്‍ പറഞ്ഞു. എത്രമാത്രം നുണകളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിച്ച മോദിയുടെ നടപടിയും ആഗോളതലത്തില്‍ രാജ്യത്തെ അപമാനിക്കുന്നതാണ്. അദ്ദേഹം ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ് ‘ സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിനുള്ള മറുപടിയെന്നോണം പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി മറികടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ പറഞ്ഞിരുന്നു. ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന് മോദിയോ കേന്ദ്രമന്ത്രിമാരോ ബിജെപി നേതാക്കളോ പറഞ്ഞിട്ടുണ്ടോയെന്നും അലുവാലിയ ചോദിച്ചിരുന്നു.

എന്നാല്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു. ഇത് പാക്കിസ്ഥാന്‍ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു പാക്കിസ്ഥാനില്‍ കയറിയുള്ള ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും കേന്ദ്രമന്ത്രി അലുവാലിയ വ്യക്തമാക്കിയിരുന്നു.

Top