ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നു. സര്‍ക്കാരുകള്‍ നിഷ്പക്ഷമായിരിക്കണം എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടുകയാണെന്ന് യെച്ചൂരി വിമര്‍ശിച്ചു.
രാഷ്ട്രീയവല്‍ക്കരിക്കുന്നതിനാലാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതെന്ന് യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് പങ്കെടുക്കുന്നത് അവരുടെ തീരുമാനമാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ കൂട്ടായ തീരുമാനങ്ങള്‍ ഈ വിഷയത്തില്‍ ഇല്ലെന്നും യെച്ചൂരി വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ തീരുമാനത്തെ വിമര്‍ശിച്ച് വിഎച്ച്പി രംഗത്തെത്തി. സീതാറാം എന്ന് പേരുള്ളയാള്‍ അയോധ്യയില്‍ പോകുന്നില്ല. സ്വന്തം പേരിനോട് ഇത്രയും വെറുപ്പുള്ളത് കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമാണെന്ന് വക്താവ് വിനോദ് ബന്‍സല്‍ പറഞ്ഞു. രാമനോടാണോ സ്വന്തം പേരിനാടാണോ വെറുപ്പ് എന്ന് വ്യക്തമാക്കണമെന്നും ബന്‍സല്‍ ആവശ്യപ്പെട്ടു.
സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിരുന്നു. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം നേതാക്കളാരും പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.