സിൽവർ ലൈൻ; കേരളത്തിന് ആവശ്യമുളള നികസന പദ്ധതി, പിന്തുണച്ച് യെച്ചൂരി

കണ്ണൂർ : എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് സിപിഐ എം ജനറൽ സെകട്ടറി സിതാറാം യെച്ചൂരിയുടെ പൂർണ്ണ പിന്തുണ. കേരളത്തിന് ആവശ്യമായ വികസന പദ്ധതിയാണ് സിൽവർലൈനെന്ന് യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടത് സർക്കാരിന് താൽപ്പര്യമുള്ള പദ്ധതി മാത്രമല്ല സിൽവർ ലൈൻ. കേരളത്തിന്റെ വികസനങ്ങൾക്ക് ആവശ്യമായ പദ്ധതി കൂടിയാണ്. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിൽവർലൈൻ അതിനാവശ്യമായ പദ്ധതിയാണ്.

കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു. രണ്ട് പദ്ധതികളുടേയും സാഹചര്യം വ്യത്യസ്തമാണെന്നാണ് സിപിഎം ജനറൽ സെക്രട്ടറി നൽകുന്ന വിശദീകരണം. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥയിലാണ് എതിർപ്പുയർത്തിയതെന്നും കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂവെന്നും യെച്ചൂരി വിശദീകരിച്ചു. നിലവിൽ സർവേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവർത്തിച്ചു.

ഇടത് ജനാധിപത്യ ബദൽ രാജ്യത്ത് സാധ്യമാക്കാനാണ് ശ്രമമെന്ന് യെച്ചൂരി വിശദീകരിച്ചു. രാജ്യത്ത് സിപിഎമ്മിന്റെ വർഗ ബഹുജന സംഘടനകളുടെ ഭാഗമായി തൊഴിലാളികളും അങ്കൺവാടി ജീവനക്കാരും കർഷകരുമെല്ലാം ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വർഗീയ വിഷയങ്ങൾ ഉയർത്തി ഹൈജാക്ക് ചെയ്യുകയാണ്. അതിനാണ് ഹിജാബ് പോലുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അത് നേതൃ തലത്തിൽ നടത്തേണ്ടതല്ല. ജനങ്ങൾക്കിടയിൽ താഴേത്തട്ടിൽ നടക്കേണ്ടതാണ്. ജനങ്ങളുടെ പ്രയാസങ്ങൾ ഉന്നയിച്ച് അവരെ അണിനിരത്തി പ്രതിഷേധങ്ങൾ നടത്തിയാണ് പാർട്ടിയെ ശക്തിപ്പെടുത്തുക. ഇതിലൂടെയാണ് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

ഹിന്ദി ഭാഷാ സ്വാധീന മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. ഈ മേഖലയിലെ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കും. ഹിന്ദുത്വ വർഗീയ അജണ്ടയെ പ്രതിരോധിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റിയെടുക്കേണ്ടെതുണ്ടെന്നും യെച്ചൂരി പറഞ്ഞു. അസമിൽ വർഗീയത ശക്തിപ്പെട്ട് വരികയാണ്. അതിന് ഭാവിയിൽ വളരെയേറെ പ്രത്യാഘാതം ഉണ്ടാവും. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. കർഷക നയങ്ങൾക്കെതിരായ പ്രതിഷേധം കർഷ സംഘടനകൾ സംയുക്തമായാണ് നടത്തിയത്. അതിന് മുൻപ് ഇത്തരത്തിൽ സംഘടിക്കാൻ കർഷക സംഘടനകൾക്ക് ശക്തിയേകിയത് കിസാൻ സഭയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് മതേതര സമൂഹം ഒന്നിക്കേണ്ടതുണ്ട്. ഹിന്ദുത്വ വർഗീയതക്കെതിരെ രാജ്യം ഒന്നിയ്ക്കണം. ഇടതു ജനാധിപത്യ ബദൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ട് മാത്രം നടക്കുന്നതല്ല. ഹിജാബും, മാംസം കഴിയ്ക്കുന്നതുമൊക്കെയാണ് ബി ജെ പിയ്ക്ക് പ്രശ്നം. ഇതാണ് പാർട്ടി കോൺഗ്രസിൽ ചർച്ചയായതും. തൊഴിലില്ലായ്മയും , ദാരിദ്ര്യവുമൊന്നും അവർക്ക് പ്രശ്നമില്ല. ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടി താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം. പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ പാർട്ടി ശ്രമിക്കും. പാർട്ടി കോൺഗ്രസിൽ ആ തീരുമാനം ഉണ്ടായെന്നും യെച്ചൂരി പറഞ്ഞു.

Top