ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അജയ് മിശ്ര ഈ സ്ഥാനത്ത് ഇരിക്കുമ്പോള്‍ നീതി നടപ്പാകില്ലെന്ന് യെച്ചൂരി പറഞ്ഞു. കൂടാതെ, എയര്‍ ഇന്ത്യ ടാറ്റയ്ക്ക് ദാനമായി നല്‍കിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തിരുവ ഒഴിവാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതിനെ തള്ളാതിരുന്ന സീതാറാം യെച്ചൂരി, മൂന്നാം മുന്നണിയെ തള്ളി. ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ചായിരിക്കും സഖ്യം ഉണ്ടാക്കുക. ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴത്തെ നയം തുടരും. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുന്നണികള്‍ക്ക് പ്രസക്തിയുള്ളൂ എന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്റെ വേഗത കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.