വൈക്കം: ബിജെപി സര്‍ക്കാര്‍ പിന്തുടരുന്ന നയത്തിന്റെ പകര്‍പ്പാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റാനും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയത്തെ പരാജയപ്പെടുത്താനുമുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വൈക്കത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നടപ്പാക്കിയ തെറ്റായ സാമ്പത്തിക നയവും വ്യാപകമായ അഴിമതിയുമാണ് ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്.
മോഡി സര്‍ക്കാര്‍ അതേനയം കൂടുതല്‍ ശക്തമായി നടപ്പാക്കി. ഇപ്പോള്‍ കോണ്‍ഗ്രസ് അതിന്റെ പ്രചാരകരായി. എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കുന്നതിലൂടെ മാത്രമേ ഈനയം തിരുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.
2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് കണ്ടതാണ്. വിവരാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും കേന്ദ്ര വനാവകാശ -ഭക്ഷ്യസുരക്ഷാ- വിദ്യാഭ്യാസ അവകാശ നിയമങ്ങളും രാജ്യത്ത് കൊണ്ടുവരുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് ഇടതുപക്ഷമാണ്.
എല്ലാ പൗരാവകാശങ്ങളും ഇല്ലാതാകുന്ന ഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ബിജെപിയുടെ സാമ്പത്തിക നയത്തെയൊ വര്‍ഗീയതയെയോ എതിര്‍ക്കാനാകില്ല. ഇതു മനസ്സിലാക്കി എല്‍ഡിഎഫിന് മുഴുവന്‍ സീറ്റിലും മികച്ച വിജയം ജനങ്ങള്‍ സമ്മാനിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.