ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാതിരുന്നത് പാര്‍ട്ടിയുടെ ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്കായെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി മുഖവാരികയായ ‘പീപ്പിള്‍സ് ഡെമോക്രസി’യില്‍ എഴുതിയ ലേഖനത്തിലാണ് യെച്ചൂരി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
1920 ഒക്ടോബര്‍ 17-ന് താഷ്‌കെന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന്റെ ശതാബ്ദി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍. പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം കമ്യൂണിസ്റ്റ് പുനരേകീകരണത്തിനു വാദിക്കുന്ന സി.പി.ഐ.യ്ക്കുള്ള മറുപടി കൂടിയാണ് യെച്ചൂരിയുടെ ലേഖനം.
ചൈനയിലും വിയറ്റ്നാമിലും ഉത്തര കൊറിയയിലും ചെയ്തതുപോലെ ഇന്ത്യന്‍ വിമോചനസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിയാതിരുന്നത് സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. 1920ല്‍ പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടിട്ടും എന്തുകൊണ്ട് ഇന്ത്യയില്‍ സോഷ്യലിസ്റ്റ് ലക്ഷ്യം കൈവരിക്കാനായില്ല എന്നാണ് അഭ്യുദയകാംക്ഷികളുടെ ചോദ്യം. ചൈന, വിയറ്റ്നാം, കൊറിയ എന്നീ രാജ്യങ്ങളിലൊക്കെ ഇതേസമയത്തുതന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപംകൊണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തി ഇന്ത്യയില്‍ സംഭവിക്കാത്തതിന്റെ കാരണം പ്രതിബദ്ധതയുടെയോ ത്യാഗത്തിന്റെയോ അഭാവമല്ല. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ വലിയതോതിലുള്ള വര്‍ഗസമരങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം, വിപ്ലവപാത തുടങ്ങിയ വിഷയങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ക്കിടയിലെ തര്‍ക്കം ദശാബ്ദങ്ങളായി വിഘടിച്ചുനില്‍ക്കുന്നതില്‍ കലാശിച്ചു. അതേസമയം, ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ സ്വഭാവം ശരിയായി വിലയിരുത്തുന്നതില്‍ സി.പി.എമ്മിനു സാധിച്ചു. അതുകൊണ്ട്, ഇന്ത്യയിലെ വലിയ പ്രസ്ഥാനമായി പാര്‍ട്ടിക്കു മാറാനായി. പാര്‍ലമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റേതര സമരങ്ങളും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിഞ്ഞതിന്റെ ഫലമാണ് 1957-ല്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയും പിന്നീട് പശ്ചിമബംഗാളിലും ത്രിപുരയിലുമൊക്കെയുണ്ടായ സര്‍ക്കാരുകളും.
എന്നാല്‍, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പാര്‍ലമെന്റിലെ സാന്നിധ്യം വന്‍തോതില്‍ കുറഞ്ഞു. വലതുപക്ഷ ശക്തികളുടെ മുഖ്യശത്രുവാണ് സി.പി.എം. രാഷ്ടീയമായും കായികമായും ആക്രമണം നേരിടുന്നു. ബംഗാളിലും ത്രിപുരയിലും അതു സംഭവിച്ചു. കേരളത്തിലെ ഇടതുസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും വലതുശക്തികള്‍ ശ്രമിച്ചുവരികയാണെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു. സോഷ്യലിസ്റ്റ് ലക്ഷ്യം കൈവരിക്കാനുള്ള സമരങ്ങള്‍ ഏകീകരിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.