ചെന്നൈയിലെ സ്ഥിതി ഗുരുതരമാകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1927 പേര്‍ക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് 1927 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 36841 ആയി. 24 മണിക്കൂറിനിടെ 19 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 326 ആയി.

അതേസമയം, ചെന്നൈയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ചെന്നൈയില്‍ മാത്രം ഇന്ന് 16 പേരാണ് മരിച്ചത്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 25000 കടന്നിരിക്കുകയാണ്. ചെന്നൈയില്‍ കൂടുതല്‍ മേഖലകളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് തിരിച്ചെത്തിയ നാലു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ ഇന്ന് മരിച്ചു. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമാണ്.

Top