പി.സി ജോർജും കെ.വി തോമസും ‘മാൻഡ്രോക്കിന്റെ’ അവസ്ഥയിലായി !

തൃക്കാക്കരയിലെ ഉമാ തോമസിന്റെ തകർപ്പൻ വിജയത്തോടെ കേരള രാഷ്ട്രീയത്തില്‍ ഇരിക്കുന്നിടം മുടിക്കുന്ന മാന്‍ഡ്രേക്കുമാരായാണ് കെ.വി തോമസും പി.സി ജോര്‍ജും ഇപ്പോൾ മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിലെ പ്രചരണവും അതു തന്നെയാണ്. കേന്ദ്രമന്ത്രി സ്ഥാനവും അഞ്ചു തവണ ലോക്‌സഭാംഗവും സംസ്ഥാന മന്ത്രിസ്ഥാനവും എല്ലാം നല്‍കിയിട്ടും കോണ്‍ഗ്രസിനെ കൈവിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയ കെ.വി തോമസിന്റെയും വര്‍ഗീയ വിഷം വമിപ്പിച്ച പി.സി ജോര്‍ജിന്റെയും ‘ഫ്യൂസാണ്’ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഊരിയിരി ക്കുന്നത്.തേവര എസ്.എച്ച് കോളേജിലെ രസതന്ത്രം അധ്യാപകനായ കെ.വി തോമസിനെ കേരള രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയ ലീഡര്‍ കെ. കരുണാകരനെയടക്കം നിർണായക ഘട്ടത്തിൽ കാലുവാരിയ അവസരവാദ രാഷ്ട്രീയക്കാരനായ കെ.വി തോമസിനെയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ മലര്‍ത്തിയടിച്ചിരിക്കുന്നത്.കെ.വി തോമസ് വഴി കോണ്‍ഗ്രസ് വോട്ടുകള്‍ അനുകൂലമാകുമെന്നു പ്രതീക്ഷിച്ച ഇടതുമുന്നണിക്ക് സ്വന്തം പാളയത്തിലെ വോട്ടുകള്‍പോലും ചോര്‍ന്നുപോകുന്ന അപ്രതീക്ഷിത രാഷ്ട്രീയ തിരിച്ചടിയും ഇതോടൊപ്പം സംഭവിച്ചിട്ടുണ്ട്.

76-ാം വയസിലും അധികാരം കൊതിച്ച് കാലുമാറിയെത്തിയ കെ.വി തോമസിനെ ചുമന്നതാണ് സി.പി.എമ്മിന് തിരിച്ചടിയായിരിക്കുന്നത്. കെ.വി തോമസിലൂടെ ലത്തീന്‍വോട്ടുകള്‍ അനുകൂലമാക്കാമെന്ന കണക്ക്കൂട്ടലും ശരിക്കും പിഴച്ചു. തോമസിനൊപ്പം തോമസല്ലാതെ സ്വന്തം പ്രൈവറ്റ് സെക്രട്ടറിപോലും ഇല്ലെന്ന യാഥാര്‍ത്ഥ്യം വൈകിമാത്രമാണ് ഇടതുപക്ഷത്തിന് തിരിച്ചറിയാനായിരുന്നത്. അപ്പോഴേക്കും ശരിക്കും വൈകിപ്പോയിരുന്നു. ‘തിരുതയുടെ രുചിയില്‍’ സ്ഥാനമാനങ്ങള്‍ വെട്ടിപ്പിടിച്ച തോമസിന്റെ രംഗംപ്രവേശമാണ് ഇടതുപക്ഷത്തിനു ലഭിക്കേണ്ട വോട്ടുകളിൽ ഒരു പങ്ക് ചോർത്തികളഞ്ഞിരിക്കുന്നത്.തേവര എസ്.എച്ച് കോളേജില്‍ കെമിസ്ട്രി അധ്യാപകനായിരിക്കെ കെ. കരുണാകരന്റെ മകള്‍ പത്മജക്ക് ട്യൂഷന്‍ എടുത്ത താണ് കെ.വി തോമസിന്റെ രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ചിരുന്നത്. എറണാകുളം ഡി.സി.സി  പ്രസിഡന്റ് സ്ഥാനവും ലോക്‌സഭാംഗത്വവും നിയമസഭാംഗത്വവുമെല്ലാം കരുണാകരൻ്റെ കൃപാകടാക്ഷം കൊണ്ട് മാത്രം ലഭിച്ച പദവികളാണ്.

എന്നാൽ പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രീയ ഗുരുവായ ആ കരുണാകരനെ തന്നെ കാലുവാരിയാണ് കെ.വി തോമസ് മുന്നോട്ട് പോയിരുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ എ.കെ ആന്റണിക്കൊപ്പം ചാടിയ കെ.വി തോമസ് നന്ദികേടിന്റെ അവസരവാദ രാഷ്ട്രീയമാണ് പയറ്റിരുന്നത്. ഇതോടെ പിന്നീട്…ആന്റണി മന്ത്രിസഭയിലെ മന്ത്രിസ്ഥാനവും തോമസിനെ തേടിയെത്തുകയുണ്ടായി. കൊച്ചിയിലെ ‘തിരുതയുടെ രുചിയും’ ഡല്‍ഹി ബിഷപ്പ് മുതല്‍ വത്തിക്കാന്‍ വരെയുള്ള ബന്ധങ്ങളും ഉപയോഗിച്ച് സോണിയാ ഗാന്ധിയെ ‘മണിയടിച്ച് ‘ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയായതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രമാണ്. കഴിഞ്ഞ തവണ ലോക്‌സഭാ സീറ്റ് നിഷേധിച്ചതോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കെ.വി തോമസ് ഇടഞ്ഞിരുന്നത്. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവും കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റുമായതോടെ കോണ്‍ഗ്രസില്‍ ഇനി സ്ഥാനമാനങ്ങള്‍ ലഭിക്കില്ലെന്ന പ്രതീക്ഷയിലാണ് അദ്ദേഹം, ഇടതുപക്ഷത്തേക്ക് ചേക്കേറാൻ ശ്രമിച്ചത്. കെ.വി തോമസിന്റെ ഈ കാലുമാറ്റമാണ് തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ പരാജയത്തിലേക്കുപോലും നയിച്ചതെന്ന വിലയിരുത്തലും രാഷ്ട്രിയ കേരളത്തിൽ ശക്തമാണ്.

സമാന സാഹചര്യമാണ് ബി.ജെ.പിക്കും സംഭവിച്ചിരിക്കുന്നത്. വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗം നടത്തി ബി.ജെ.പി പാളയത്തില്‍ ചേക്കേറാനുള്ള പി.സി ജോര്‍ജിന്റെ നീക്കമാണ് കാവിപ്പടയുടെ നില പരുങ്ങലിലാക്കിയിരിക്കുന്നത്. ബി.ജെ.പിയെ സംബന്ധിച്ച് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നേടിയ വോട്ടുകൾ പോലും നേടാൻ, എ.എൻ രാധാകൃഷ്ണനു സാധിച്ചിട്ടില്ല. പി.സി ജോര്‍ജിന്റെ വര്‍ഗീയ പ്രസംഗവും, അതുവഴി ക്രിസ്ത്യന്‍വോട്ടുകള്‍ അനുകൂലമാക്കാനുള്ള ബി.ജെ.പി തന്ത്രവുമാണ് പൊളിഞ്ഞിരിക്കുന്നത്.

 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍, പൂഞ്ഞാറില്‍ പരാജയപ്പെട്ട പി.സി ജോർജ് വര്‍ഗീയ പ്രസംഗം നടത്തിയാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തില്‍ ഇടംകണ്ടെത്താന്‍ ശ്രമിക്കുന്നത്. വര്‍ഗീയ പ്രസംഗത്തിന് പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്തപ്പോള്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളാണ് പൊലീസ് ക്യാംപിലേക്ക് ഓടിയെത്തി യിരുന്നത്. വര്‍ഗീയ പ്രസംഗത്തില്‍ ജാമ്യം ലഭിച്ച പി.സി ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ പൊലീസ് നിർദ്ദേശം ലംഘിച്ചാണ് തൃക്കാക്കരയിൽ പ്രചരണത്തിന് എത്തിയിരുന്നത്. അദ്ദേഹത്തിനായി നിരവധി വേദികളും റോഡ് ഷോയുമാണ് ബി.ജെ.പി തയ്യാറാക്കിയിരുന്നത്. എന്നാൽ ജോര്‍ജിന്റെ വിഷവാക്കുകൾക്കും പ്രബുദ്ധരായ തൃക്കാക്കരക്കാര്‍ ശക്തമായ മറുപടിയാണിപ്പോൾ നൽകിയിരിക്കുന്നത്. ബി.ജെ.പിക്കേറ്റ തിരിച്ചടിയിൽ നിന്നും അത് വ്യക്തവുമാണ്.

സ്വന്തം ജീവിതത്തിലൂടെ മതേതരത്വ നിലപാട് ഉയര്‍ത്തിപ്പിടിച്ച പി.ടി തോമസിന്റെ നിലപാടുകളും രാഷ്ട്രീയവുമാണ് സഹധര്‍മിണിയായ ഉമ തോമസിലൂടെ വിജയിച്ചിരിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടെടുത്തതി നാണ് ജീവിച്ചിരിക്കെ പി.ടി തോമസിന്റെ ശവമഞ്ചയാത്ര ഇടുക്കിയില്‍ സഭാ നേതൃത്വത്തിന്റെ അറിവോടെ നടത്തിയിരുന്നത്. പി.ടിക്കെതിരെ കടുത്ത നിലപാടാണ് ഇടുക്കി ബിഷപ്പും അന്നു സ്വീകരിച്ചിരുന്നത്. പ്രകൃതിക്കുവേണ്ടി നിലപാടെടുത്തതിന്റെ പേരില്‍ ഇടുക്കിയിലെ സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ട പി.ടി തോമസിനെ പിന്നീട് തൃക്കാക്കരയാണ് നെഞ്ചോട് ചേർത്തിരുന്നത്.

തൃക്കാക്കരയില്‍ നിന്നും രണ്ടാം തവണയും എം.എല്‍.എയായ പി.ടി തോമസ് തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരുന്നത്. മതരഹിതനായി ജീവിച്ച പി.ടി തോമസിന്റെ സംസ്‌ക്കാര ചടങ്ങുകൾപോലും മതരഹിതമായാണ് നടത്തപ്പെട്ടിരുന്നത്. ഉമ തോമസിനെ പരാജയപ്പെടുത്തുമെന്ന് ക്രിസ്തീയ തീവ്ര സംഘടനയായ, ‘കാസയടക്കം’ നിലപാടെടുത്തെങ്കിലും വര്‍ഗീയതയെ തള്ളിക്കളഞ്ഞ് മതേതരത്വ നിലപാടിനൊപ്പമാണ് കേരളമെന്നതാണ് തൃക്കാക്കര തെളിയിച്ചിരിക്കുന്നത്. അധികാരത്തിനുവേണ്ടി കാലു മാറുന്ന തോമസിനൊപ്പമോ വര്‍ഗീയ വിഷം തുപ്പിയും രാഷ്ട്രീയ ഭാഗ്യന്വേഷണം നടത്തുന്ന പി.സിക്കൊപ്പമോ അല്ല രാഷ്ട്രീയ കേരളമുള്ളത്. നിലപാടിനു വേണ്ടി അധികാരവും സ്ഥാനമാനങ്ങളും വലിച്ചെറിയാന്‍ മടികാണിക്കാത്ത പി.ടി തോമസിനൊപ്പമാണ് തൃക്കാക്കരയെന്നാണ് ഉമ തോമസിന്റെ വിജയം തെളിയിച്ചിരിക്കുന്നത്. ഇത് എല്ലാവർക്കും ഉള്ള ഒരു പാഠം കൂടിയാണ്. ഇനിയെങ്കിലും തിരുത്തിയാൽ നന്ന്.

EXPRESS KERALA VIEW

Top