തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിലും യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലും പ്രതികളായ നസീമും ശിവരഞ്ജിത്തും ജയില്‍ മോചിതരായി. ശിവരഞ്ജിത്തും നസീമും പ്രതികളായ ഇരു കേസുകളിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിച്ചതോടെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്.
പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍,സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്.ഇവര്‍ക്കും കുറ്റപത്രം വൈകുന്നതിനാല്‍ അടുത്തുതന്നെ ജാമ്യം ലഭിച്ചേക്കും.
പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയിലാണ് ശിവരഞ്ജിത്തും നസീമും ഉള്‍പ്പടെയുള്ളവര്‍ ക്രമക്കേട് കാണിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന അഞ്ച് പേരെയും പ്രതികളാക്കി ഓഗസ്റ്റ് എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ശിവരഞ്ജിത്തും നസീമും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചിരുന്നു.