ശിവശങ്കര്‍ ഇനി ആറ് ദിവസം കൂടി ഇഡി കസ്റ്റഡിയില്‍

കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും തമ്മില്‍ ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്.

തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ വാട്‌സാപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്. ചോദ്യം ചെയ്യല്ലിന്റെ ആദ്യ ദിവസങ്ങളില്‍ ശിവശങ്കര്‍ സഹകരിച്ചില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

ലൈഫ് മിഷന്‍ കേസ് എന്‍ഫോഴ്‌സ്‌മെന്റിന് അന്വേഷിക്കാന്‍ പറ്റുമോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ലൈഫ് മിഷനും സ്വര്‍ണ്ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചത്. ലൈഫ് മിഷന്‍ വിവാദങ്ങളും ഇഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു.

സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍, ലൈഫ് മിഷന്‍ എന്നീ പദ്ധതികളില്‍ സ്വപ്നയുടെ സജീവ ഇടപെടലുണ്ടായിരുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്. കോണ്‍സുലേറ്റ് ജീവനക്കാരനായ ഖാലിദുമായും ശിവശങ്കറിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് ഇഡി കണ്ടെത്തല്‍.

Top