ജാമ്യം റദ്ദാക്കില്ല; ശിവശങ്കറിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സുപ്രീം കോടതി ശിവശങ്കറിന് നോട്ടീസ് അയച്ചു. കേസ് ആറ് ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും അതിനായി ശിവശങ്കറിന് നോട്ടീസ് അയയ്ക്കുകയാണെന്നും കോടതി പറഞ്ഞു.

ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗുരുതരമായ ചില ആരോപണങ്ങളും സുപ്രീം കോടതിയില്‍ ഉന്നയിച്ചു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ നേരിട്ട് വിളിച്ചതായി അദ്ദേഹം തന്നെ മൊഴി നല്‍കിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. ഉയര്‍ന്ന പദവി വഹിച്ചിരുന്ന ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി. കോടതിയില്‍ ചൂണ്ടിക്കാട്ടി.

Top