ജാമ്യഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി, ശിവശങ്കര്‍ ജയിലിലേക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ 26-ാം തിയതി വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എറണാകുളം ജില്ലാ ജയിലിലേക്കാണ് അദ്ദേഹത്ത മാറ്റുക. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. അതേസമയം ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പറയും.

അതേസമയം, കേസില്‍ സ്വപ്ന ഒരു മുഖം മൂടി മാത്രമാണെന്നും മുഖംമൂടിക്ക് പിന്നില്‍ എം ശിവശങ്കറാണെന്നും എന്‍ഫോഴ്സ്മെന്റ്. ലോക്കറിലുണ്ടായിരുന്ന പണം ശിവശങ്കറിന്റേത് കൂടിയാണ്. ആ പണം തന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ചെലവഴിക്കാനാണ് ശിവശങ്കര്‍ ശ്രമിച്ചതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.

ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും സ്വപ്നയുടെ മൊഴിയുമാണ് മുദ്രവെച്ച കവറില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍വീസിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കറിനെ ജാമ്യത്തില്‍ വിട്ടാല്‍ കേസിനെ സ്വാധീനിക്കുമെന്നാണ് ഇ.ഡി.കോടതിയില്‍ വ്യക്തമാക്കിയത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേവലം അറിവ് മാത്രമല്ല ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു കിട്ടുന്ന പണം എവിടെ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

ഇരുവരും ചേര്‍ന്ന് സ്വപ്നയുടെ പേരില്‍ മറ്റൊരു ലോക്കര്‍ കൂടി തുറക്കാന്‍ പദ്ധതിയിട്ടിരുന്നു. ബാഗ് വിട്ടുകിട്ടുന്നതിനും ശിവശങ്കര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരം കസ്റ്റംസിനെ വിളിച്ചെന്നും ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

Top