രാജ്യത്ത് സ്ത്രീകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന്‌ ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

മുംബൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ രംഗത്ത്. സ്ത്രീകളേക്കാള്‍ പശുക്കളാണ് രാജ്യത്ത് സുരക്ഷിതരെന്നും, ബിജെപിയുടെ ഹിന്ദുവാദം തട്ടിപ്പാണെന്നും താക്കറെ തുറന്നടിച്ചു.

സര്‍ക്കാരിന്റെ ഭാഗമാണെന്നുവച്ച് തെറ്റുകണ്ടാല്‍ നിശബ്ദത പാലിക്കാന്‍ കഴിയില്ലെന്നും, ഞങ്ങള്‍ ഭാരതീയ ജനതയുടെ സുഹൃത്തുക്കളാണ്, ഏതെങ്കിലും പാര്‍ട്ടിയുടെ അല്ലെന്നും അദ്ദേഹം പറഞ്ഞു.

പശു സംരക്ഷണത്തിന്റെ പേരില്‍, ഒരാള്‍ ബീഫ് കഴിക്കുന്നുണ്ടോ ഇല്ലയോ എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ശ്രമിക്കുന്നതെങ്കില്‍ അത് തട്ടിപ്പാണെന്നും, ഈ ഹിന്ദുവാദത്തെ അംഗീകരിക്കാന്‍ എനിക്കു കഴിയില്ല. നമ്മുടെ സ്ത്രീകള്‍ അരക്ഷിതരായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ സംരക്ഷണം പശുക്കള്‍ക്കാണെന്നും ഉദ്ദവ് കുറ്റപ്പെടുത്തി.

പശുക്കളെ കശാപ്പ് ചെയ്യണമെന്ന് ശിവസേന ഒരിക്കലും പറയില്ല. പക്ഷേ, പശുക്കള്‍ക്കു സംരക്ഷണം നല്‍കുമ്പോള്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് നാണംകെടുത്തുന്ന വസ്തുതയാണ്. നിങ്ങള്‍ ഗോമാത(പശു)യെ സംരക്ഷിക്കുന്നു. പക്ഷേ മാത(അമ്മ)യെക്കുറിച്ച് എന്താണ് പറയാനുള്ളത്- ഉദ്ദവ് പരിഹസിച്ചു.

ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കു മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ ഉദ്ദവ് താക്കറെയുടെ വിമര്‍ശനം.

Top