മുംബൈ: ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്ത്.
ഗോസംരക്ഷകര്‍ക്കെതിരെ എന്തുകൊണ്ട് പ്രധാനമന്ത്രി നടപടിയെടുക്കുന്നില്ലെന്നും ഡല്‍ഹി മുതല്‍ നാഗ്പൂര്‍ വരെ നിയമം കയ്യിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഗോ സംരക്ഷകര്‍ക്ക് നേരെ നിയമം നിശബ്ദത പാലിക്കുകയാണെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലൂടെ ആരോപിക്കുന്നു.
നിരവധി സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടില്ല, ബിജെപി സര്‍ക്കാരിലെ പലരും ബീഫ് ഇഷ്ടമാണെന്നത് തുറന്നു സമ്മതിച്ചിട്ടുള്ളതുമാണ്. ഗോ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ച് സമൂഹത്തില്‍ അക്രമം അഴിച്ചുവിടുന്നവര്‍ ബിജെപിക്കാരെ മര്‍ദിക്കുമോയെന്നും മുഖപ്രസംഗത്തില്‍ ശിവസേന ചോദിക്കുന്നു.
അമര്‍നാഥ് തീര്‍ത്ഥാടകര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ താഴ്‌വരയിലെ ഭീകരരെ നേരിടാന്‍ ഗോ രക്ഷക് പ്രവര്‍ത്തകരെ അയക്കണമെന്നും ആയുധങ്ങള്‍ക്കു പകരം പശുമാംസം കയ്യില്‍ ഉണ്ടെങ്കില്‍ ആ ഭീകരരില്‍ ഒരാളും ഇന്നു ജീവനോടെയുണ്ടാകില്ലെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നേരത്തെ പ്രസ്താവിച്ചിരുന്നു.
ഗോസംരക്ഷകര്‍ക്കെതിരെ മോദി ആരോപണവുമായി വന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി സഖ്യകക്ഷിയായ ശിവസേന സാമ്‌നയിലൂടെ തിരിച്ചടിക്കുന്നത്.