മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായ് ശിവസേന. അധികാരം കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും ഓക്‌സിജന്‍ പോലെയായിരുന്നുവെന്ന് മോദി മുന്‍പ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ച് കൊണ്ടായിരുന്നു ശിവസേനയുടെ വിമര്‍ശനം. നിങ്ങളുടെ ഓക്‌സിജന്‍ എന്താ തീര്‍ന്ന് പോയോ എന്നാണ് ശിവസേന മുഖപത്രം മോദിയോട് ചോദിക്കുന്നത്. ‘കാവല്‍ക്കാരന്‍ കള്ളന്‍’ തന്നെ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെയും മോദിയെ വിമര്‍ശിക്കാനായ് ശിവസേന കടമെടുത്തു.
അച്ചേ ദിന്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ നിരാശരായി പ്രതിപക്ഷത്തിരിക്കേണ്ടി വരുമോ എന്ന് ഭയന്ന് തുടങ്ങിയിരിക്കുന്നു. രാമന്‍ അയോധ്യയിലും അദ്വാനി രാഷ്ട്രീയത്തിലും വനവാസത്തിലാണ്. മറ്റുള്ളവര്‍ അധികാരത്തിന്റെ ഓക്‌സിജന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തിനുള്ള ഓക്‌സിജന്‍ വിതരണം ചെയ്യുമ്പോള്‍ തെമ്മാടികളും കള്ളന്മാരും ശുദ്ധീകരിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ക്രിമിനലുകളെ വാത്മീകിയാക്കുന്നുവെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പരിശോധിക്കാനുള്ള നീക്കം യഥാര്‍ഥത്ത ജനാധിപത്യത്തിന്റെ ലക്ഷണങ്ങളല്ല. അധികാരത്തില്‍ തുടരാനുള്ള വ്യഗ്രതയുടെ ഭാഗമാണ് ഇവയൊക്കെയെന്നും സാമ്‌നയിലെ എഡിറ്റോറിയല്‍ പറഞ്ഞ് വയ്ക്കുന്നു.