മഹാരാഷ്ട്രയിൽ ‘വല്യേട്ടൻ’ ആരാണ് . . ? ശിവസേനയും ബി.ജെ.പിയും പോരിലേക്ക് . . .

രേന്ദ്രമോഡിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തി നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാനുള്ള തന്ത്രമാണ് ശിവസേന പയറ്റുന്നത്. 18 എം.പിമാരുമായാണ് ശിവസേന തലവന്റെ അയോധ്യ യാത്ര.

ലോക്സഭാ മണ്‍സൂണ്‍ സമ്മേളനം തുടങ്ങുന്നതിന് മുമ്പുതന്നെ ഉദ്ധവ് താക്കറെ എം.പിമാരുമായി അയോധ്യയിലെത്തുമെന്നാണ് ശിവസേന കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവത് അന്ത്യ ശാസനം നല്‍കിയ സാഹചര്യത്തില്‍ ഉദ്ദവിന്റെ അയോധ്യ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ നവംബറില്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലിരിക്കില്ലെന്നും അവര്‍ ഭരണത്തില്‍ ഇല്ലെങ്കിലും രാമക്ഷേത്രം ഞങ്ങള്‍ നിര്‍മ്മിക്കുമെന്നുമായിരുന്നു ഉദ്ദവിന്റെ പ്രഖ്യാപനം. സന്യാസിമാരുടെ അനുഗ്രഹം വാങ്ങിയെന്നും രാമക്ഷേത്രം നിര്‍മ്മിക്കാനാണ് എല്ലാവരും കാത്തിരിക്കുന്നത് എന്നുമാണ് താക്കറെ പറഞ്ഞിരുന്നത്.

മഹാരാഷ്ട്രയില്‍ മറാത്താവാദം ഉയര്‍ത്തുന്ന പ്രാദേശിക പാര്‍ട്ടിയായ ശിവസേന, രാമക്ഷേത്രം വിവാദം ഉയര്‍ത്തി യു.പിയില്‍ എത്തുന്നത് ബി.ജെ.പിക്കാണ് രാഷ്ട്രീയമായി വെല്ലുവിളിയാവുന്നത്.

മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ 41 സീറ്റും ഇത്തവണ ബി.ജെ.പി- ശിവസേന സഖ്യമാണ് നേടിയത്. എന്നാല്‍ 25 സീറ്റില്‍ മത്സരിച്ച ബി.ജെ.പി 23 സീറ്റില്‍ വിജയിച്ചപ്പോള്‍ 23 സീറ്റില്‍ മത്സരിച്ച ശിവസേനക്ക് 18 സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. 18 ലോക്സഭാംഗങ്ങളുണ്ടായിട്ടും ഒരു കേന്ദ്രമന്ത്രി സ്ഥാനം മാത്രമാണ് ബി.ജെ.പി ശിവസേനക്ക് നല്‍കിയിരിക്കുന്നത്. ശരിക്കും ഇതൊരു ഒതുക്കല്‍ തന്നെയായിരുന്നു.

ബീഹാറില്‍ ആറ് ലോക്സഭാംഗങ്ങള്‍ മാത്രമുള്ള ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കിയ ബി.ജെ.പി, മൂന്നിരട്ടി എം.പിമാരുണ്ടായിട്ടും ശിവസേനക്ക് അതേ പരിഗണന നല്‍കിയതില്‍ കടുത്ത അതൃപ്തിയിലാണ് ഉദ്ദവ് താക്കറെ. പരസ്യമായി എതിര്‍പ്പറിയിച്ചില്ലെങ്കിലും രാമക്ഷേത്രം ഉയര്‍ത്തി ബി.ജെ.പിയെ നിഷ്പ്രഭമാക്കാനുള്ള നീക്കമാണ് അവരിപ്പോള്‍ നടത്തുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ സുപ്രീം കോടതി വിധിയടക്കം പരിഗണിച്ചേ മോഡിക്ക് നിലപാടെടുക്കാനാവൂ. അതിനാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ സമവായ നീക്കത്തിനാണ് മോഡിയുടെയും അമിത്ഷായുടെയും ശ്രമം. ഈ നീക്കത്തെ തകര്‍ത്ത് തീവ്രഹിന്ദുത്വവികാരം ആളിക്കത്തിക്കുകയാണിപ്പോള്‍ ശിവസേന.

ഈ വര്‍ഷം മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കൂടുതല്‍ സീറ്റില്‍ വിജയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനമാണ് ശിവസേന ലക്ഷ്യമിടുന്നത്. 288 നിയമസഭ സീറ്റുകളില്‍ പാതി സീറ്റുകളില്‍ മത്സരിക്കാന്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ ധാരണയുണ്ടെങ്കിലും മത്സരിക്കുന്ന പരമാവധി സീറ്റില്‍ വിജയിക്കാനുള്ള കരുനീക്കമാണ് ശിവസേന നടത്തുന്നത്. അതിനായി രാമക്ഷേത്ര നിര്‍മ്മാണവും തീവ്രഹിന്ദുത്വവും അവര്‍ ആയുധമാക്കുകയാണ്.

2014ല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യമില്ലാതെ വേര്‍പിരിഞ്ഞാണ് മത്സരിച്ചത്. 123 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ 63 സീറ്റുകളില്‍ ശിവസേനയും വിജയിച്ചു. തെരഞ്ഞെടുപ്പിനു ശേഷമാണ് ബി.ജെ.പിയും ശിവസേനയും സഖ്യസര്‍ക്കാരുണ്ടാക്കിയത്. എന്നാല്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസിനേക്കാളും ശക്തമായ ഭാഷയിലാണ് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബി.ജെ.പിയെയും വിമര്‍ശിച്ചിരുന്നത്.

ശിവസേനയുടെ പിന്തുണയില്ലെങ്കില്‍ യു.പിക്കു പിന്നില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാംഗങ്ങളുള്ള മഹാരാഷ്ട്രയില്‍ മുന്നേറ്റമുണ്ടാകില്ലെന്നു തിരിച്ചറിഞ്ഞ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മുന്‍ കൈയ്യെടുത്താണ് ഇത്തവണയും സഖ്യമുണ്ടാക്കിയത്. വിട്ടുവീഴ്ച ചെയ്തും നിയമസഭയിലും സഖ്യം തുടരാനാണ് ബി.ജെ.പി ശ്രമം. എന്നാല്‍ ബി.ജെ.പി ഇല്ലെങ്കിലും മഹാരാഷ്ട്രയില്‍ ഭരണം നേടാനുള്ള നീക്കമാണ് ഇപ്പോള്‍ ശിവസേന നടത്തുന്നത്.

കര്‍ഷക ആത്മഹത്യ, വരള്‍ച്ച, കര്‍ഷകരോഷം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ പ്രശ്നങ്ങളെ മറികടക്കാന്‍ തീവ്രഹിന്ദുത്വവും ദേശീയതയുമാണ് മഹാരാഷ്ട്രയില്‍ ബിജെപി പയറ്റിയത്.

രാമക്ഷേത്രനിര്‍മ്മാണത്തിന് ശിവസേന മുന്‍കൈയ്യെടുത്താല്‍ മറാത്തയില്‍ ഹിന്ദുവികാരം ശിവസേനക്ക് അനുകൂലമാകും. ഇത് വോട്ടായാല്‍ ബി.ജെ.പിയെ പിന്തള്ളി മഹാരാഷ്ട്ര ഭരണവും കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ അയോധ്യ കാര്‍ഡിറക്കി കളിക്കുന്നത്.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്നും കരകയറാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. സഖ്യകക്ഷിയായ എന്‍.സി.പിക്കും പിന്നില്‍ ഒറ്റ സീറ്റുമായി നാണം കെട്ട തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. എന്‍.സി.പിക്ക് നാലു സീറ്റും ലഭിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം ഒരു സീറ്റിലും മറ്റൊരു സീറ്റില്‍ സ്വതന്ത്രനുമാണ് വിജയിച്ചത്.

പ്രകാശ് അംബേദ്ക്കറും ഒവൈസിയും വഞ്ചിത് ബഹുജന്‍ അഘാഡിയും സഖ്യമായി മത്സരിച്ചതാണ് കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യത്തിന് തിരിച്ചടിയായത്. ദലിത്, മുസ്ലീം വോട്ടുകള്‍ സഖ്യം പിടിച്ചതാണ് 20 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം പരാജയപ്പെടാന്‍ കാരണമായത്.

കേരളത്തില്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്നു കൊണ്ട് സകല സൗഭാഗ്യങ്ങളും അനുഭവിക്കുന്ന എന്‍.സി.പിയുടെ നിലപാടും പ്രതിപക്ഷ തോല്‍വിക്ക് ശക്തി കൂട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയെ ഉഴുതുമറിച്ച കര്‍ഷക സമരം മുന്‍ നിര്‍ത്തി ഒരു സീറ്റ് സി.പി.എമ്മിന് വിട്ടു നല്‍കാന്‍ പോലും ഇവിടെ എന്‍.സി.പി തയ്യാറായില്ല. കോണ്‍ഗ്രസ്സുമായി ചേര്‍ന്നാല്‍ തൂത്ത് വാരാമെന്ന കണക്കു കൂട്ടലിലാണ് ആ പാര്‍ട്ടി മുന്നോട്ട് പോയത്. പ്രതിപക്ഷത്തെ ഈ അനൈക്യമാണ് കാവി രാഷ്ട്രീയത്തിന് ഇപ്പോഴും വളക്കൂറുള്ള മണ്ണാക്കി മഹാരാഷ്ട്രയെ മാറ്റുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലെങ്കിലും പ്രതിപക്ഷം ഒരുമിച്ച് നിന്നില്ലെങ്കില്‍ വീണ്ടും മഹാരാഷ്ട്രയില്‍ കാവിക്കൊടി തന്നെ പാറാനാണ് സാധ്യത. രാജ്യത്തെ ഈ വ്യാവസായിക നഗരം കൈവിടാതിരിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വവും ഏറെ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

സഖ്യമായാലും ശിവസേന കൂടുതല്‍ സീറ്റുകള്‍ നേടാതിരിക്കുന്നതിനാവശ്യമായ ‘പാര’ ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്. കൂടുതല്‍ സീറ്റ് സേന നേടിയാല്‍ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കേണ്ടി വരുമെന്ന ഭയമാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. കഴിഞ്ഞ മോദി സര്‍ക്കാറിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ച ശിവസേനയെ ഒതുക്കാന്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ബി.ജെ.പി വേദിയാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Political Reporter

Top