വോട്ട് ചെയ്ത ജനങ്ങളെയാകെ വഞ്ചിക്കുന്ന ഏര്‍പ്പാടാണ് മഹാരാഷ്ട്രയില്‍ കാവിപ്പടയിപ്പോള്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ബി.ജെ.പിയേക്കാള്‍ വലിയ തെറ്റ് ചെയ്തിരിക്കുന്നത് ശിവസേനയാണ്. ബിജെപിയുമായി സഖ്യമായി മത്സരിച്ചിട്ട് പ്രതിപക്ഷത്തെ കൂട്ടി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് തന്നെ തെറ്റാണ്. കോണ്‍ഗ്രസ്സ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ലായിരുന്നെങ്കില്‍ പവാര്‍ പോലും കാവിക്കെണിയില്‍ വീഴുമായിരുന്നു.
അവസരവാദികളുടെ കൂട്ടായ്മയായ എന്‍.സി.പി ആഗ്രഹിച്ചത് ശിവസേന സര്‍ക്കാറിനെയാണ്. തല മറന്ന് എണ്ണ തേയ്ക്കുന്ന ഏര്‍പ്പാടായിരുന്നു അത്. ശിവസേനയ്ക്ക് വിലപേശലിന് കരുത്ത് നല്‍കിയത് ശരദ് പവാറിന്റെ ഈ പിന്തുണയായിരുന്നു. തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയെ പിന്തുണയ്ക്കാന്‍ ശ്രമിക്കുക വഴി സ്വന്തം വോട്ടര്‍മാരെയാണ് എന്‍.സി.പി വഞ്ചിച്ചിരിക്കുന്നത്.
56 സീറ്റുകള്‍ മാത്രമുള്ള ശിവസേന മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടത് തന്നെ ശരിയായ നടപടിയല്ല. ആ പാര്‍ട്ടിയുടെ അധികാര മോഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.എന്‍.ഡി.എ മുന്നണിയില്‍ ഏറ്റവും അധികം സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് തന്നെയാണ് മുഖ്യമന്ത്രി പദത്തിന് അര്‍ഹതയുള്ളത്. 105 സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് കിട്ടിയിരിക്കുന്നത്.
പ്രതിപക്ഷത്ത് പ്രധാനമായും എന്‍.സി.പിക്ക് 54 സീറ്റുകളും കോണ്‍ഗ്രസ്സിന് 44 സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്.
ഒന്ന് ആഞ്ഞ് പിടിച്ചിരുന്നു എങ്കില്‍ തീര്‍ച്ചയായും മഹാരാഷ്ട്ര ഭരണം പ്രതിപക്ഷത്തിന് പിടിക്കാമായിരുന്നു.
ഇവിടെ വലിയ വീഴ്ച പറ്റിയത് കോണ്‍ഗ്രസ്സിനാണ്. സംഘടനാപരമായ അവരുടെ ദൗര്‍ബല്യമാണ് തിരിച്ചടിക്ക് കാരണമായിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കാവിയണിഞ്ഞിട്ടും യു.പി.എ സഖ്യത്തിന് 98 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് ചെറിയ കാര്യമൊന്നുമല്ല.
കര്‍ഷക പ്രക്ഷോഭം വിതച്ച പ്രതിഷേധത്തിന്റെ നേട്ടം ഇവിടെ ഒരു പരിധിവരെ പ്രതിപക്ഷ മുന്നേറ്റത്തിന് സഹായകരമായിട്ടുണ്ട്.കാവിപ്പടയിലെ ഭിന്നത മൂലം ത്രിശങ്കുവിലായ മഹാരാഷ്ട്രയില്‍ വീണ്ടും തിരഞ്ഞെടുപ്പാണ് ഇനി പരിഹാരമായിട്ടുള്ളത്. ശിവസേനയും ബി.ജെ.പിയും ഉടക്ക് മറന്ന് സഖ്യമായാല്‍ പോലും ആ ഭരണം അധികം നാള്‍ നീണ്ടു പോകാനും സാധ്യത കുറവാണ്.
ശിവസേന ആദിത്യ താക്കറെയെ മത്സരത്തിനിറക്കിയത് തന്നെ മുഖ്യമന്ത്രിയാക്കാനാണ്. ഇക്കാര്യം അറിയാമായിരുന്നിട്ടും അവഗണിച്ചതാണ് ബി.ജെ.പിക്ക് പറ്റിയ വീഴ്ച. ബാല്‍ താക്കറെക്ക് മകനായ ഉദ്ധവ് നല്‍കിയ ഉറപ്പാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം നേടുമെന്നത്.അതിനായാണ് മകന്‍ ആദിത്യ താക്കറെയെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മത്സരിപ്പിച്ചിരുന്നത്.
മറാത്ത രാഷ്ട്രീയത്തിലെ ചാണക്യനായ ബാല്‍ താക്കറെയുടെ മരണശേഷം പാര്‍ട്ടി തലപ്പത്ത് വന്ന ഉദ്ധവിനും ഇപ്പോള്‍ പരീക്ഷണ കാലമാണ്.വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ ഏറ്റവും അധികം തിരിച്ചടി കിട്ടാന്‍ പോകുന്നതും ശിവസേനക്കായിരിക്കും.
കഴിഞ്ഞ തവണ ബി.ജെ.പി ഒറ്റക്ക് മത്സരിച്ചാണ് നേട്ടമുണ്ടാക്കിയിരുന്നത്.തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന സഖ്യത്തില്‍ ചേര്‍ന്ന് സര്‍ക്കാറിന്റെ ഭാഗമായി മാറിയിരുന്നത്.ഈ മാര്‍ഗ്ഗം ഉപേക്ഷിച്ചതാണ് ബി.ജെ.പിക്ക് നിലവില്‍ പറ്റിയ മണ്ടത്തരം.
വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകണമെന്ന വികാരം ബി.ജെ.പി നേതാക്കള്‍ക്കുണ്ടെങ്കിലും ചില ആശങ്കകള്‍ അപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതാകട്ടെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകളിലാണ്. വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ ഭരണം പിടിക്കാന്‍ പറ്റുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്സ്. ഈ ആത്മവിശ്വാസം മുന്‍ നിര്‍ത്തിയാണ് പവാറിനെ സോണിയ ഗാന്ധി തിരിച്ചയച്ചിരുന്നത്.
അതേസമയം അവസരവാദ നിലപാട് സ്വീകരിച്ചത് ഇനി തിരിച്ചടിക്കുമോയെന്ന ആശങ്ക എന്‍.സി.പി നേതൃത്വത്തിനുമുണ്ട്.ശിവസേനക്ക് പിന്തുണ നല്‍കാന്‍ എന്‍.സി.പി നടത്തിയ നീക്കം ന്യൂനപക്ഷ വിഭാഗങ്ങളില്‍ കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയെ സംബന്ധിച്ച് ബി.ജെ.പിയേക്കാള്‍ വലിയ തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായാണ് ശിവസേനയെ വിലയിരുത്തപ്പെടുന്നത്.
ഈ പാര്‍ട്ടിയുമായി സഖ്യമാകാന്‍ പവാര്‍ നടത്തിയ നീക്കമാണ് തിരിച്ചടിയായിരിക്കുന്നത്. വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ ഉള്ള സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക എന്‍.സി.പി പ്രവര്‍ത്തകര്‍ക്കുമുണ്ട്.ഫട്‌നാവിസ് സര്‍ക്കാറിന് തുടരാന്‍ ഒരാഴ്ച അധികം ഗവര്‍ണ്ണര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും ഗൗരവകരം തന്നെയാണ്.
ശിവസേനയെ ചൊല്‍പ്പടിക്ക് നിര്‍ത്തിയോ പിളര്‍ത്തിയോ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയില്ലങ്കില്‍ മഹാരാഷ്ട്ര വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകും. ഇനി ശിവസേന വഴങ്ങിയാല്‍ അത് ആ പാര്‍ട്ടിക്ക് തന്നെയാണ് തിരിച്ചടിയാവുക.കാരണം ഭരണത്തില്‍ വീണ്ടും കയറിയാല്‍ എന്‍.സി.പിയെയും കോണ്‍ഗ്രസ്സിനെയും പിളര്‍ത്തി കരുത്ത് കൂട്ടാനാണ് ബി.ജെ.പി ശ്രമിക്കുക. മുന്‍പ് നിരവധി കോണ്‍ഗ്രസ്സ് – എന്‍.സി.പി എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത ചരിത്രമുള്ളതിനാല്‍ ഈ നീക്കം തള്ളിക്കളയാന്‍ കഴിയുകയുമില്ല. ശിവസേനയുടെ വിലപേശല്‍ മുന ഒടിക്കാന്‍ ഈ മാര്‍ഗ്ഗങ്ങളും ബി.ജെ.പി പയറ്റുന്നുണ്ട്. എന്തിനേറെ ശിവസേന എം.എല്‍.എമാരെ തന്നെ പിളര്‍ത്താനും ബി.ജെ.പി നിലവില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. അതു കൊണ്ടാണ് ഉദ്ധവ് താക്കറെ സ്വന്തം എം.എല്‍.എമാരെ സ്റ്റാര്‍ ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്.
ശിവസേനയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ വഴങ്ങുകയാണെങ്കില്‍ ബി.ജെ.പിയിലും അത് വലിയ പൊട്ടിത്തെറിക്ക് കാരണമാകും. പയ്യനായ മുഖ്യമന്ത്രിക്ക് കീഴില്‍ മന്ത്രിയാവുന്നതിലും ഭേദം വനവാസമാണെന്ന നിലപാടാണ് പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്കുള്ളത്. ഒരിക്കല്‍ ആദിത്യ താക്കറെ ആ കസേരയില്‍ ഇരുന്നാല്‍ പിന്നെ മഹാരാഷ്ട്ര ബി.ജെ.പിക്ക് കിട്ടാക്കനിയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഈ ഭയം തന്നെയാണ് ബി.ജെ.പിയെ പിറകോട്ടടിപ്പിക്കുന്നത്.
ശിവസേനക്ക് മുന്നില്‍ വഴങ്ങുക എന്നതിന് അര്‍ത്ഥം മഹാരാഷ്ട്രയോട് ഗുഡ് ബൈ പറയുക എന്നതാണെന്നതാണ് സംഘ പരിവാറിലെ പൊതു വികാരം.
Political Reporter