കൊറോണ സംശയം; ഡല്‍ഹിയില്‍ ആറ് പേര്‍ കൂടി നിരീക്ഷണത്തില്‍ !

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് 6 പേരെ ഐസലേറ്റ് ചെയ്തു.ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണിവരിപ്പോള്‍. ഇവരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി പുണെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.ഇന്ത്യയില്‍ പുതിയ മൂന്ന് കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

തിങ്കളാഴ്ച ഡല്‍ഹി മയൂര്‍ വിഹാറിലെ ഒരാള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി ബന്ധപ്പെട്ടവരാണ് ഈ ആറുപേരും. കുടുംബാംഗങ്ങളും ഇവരില്‍ ഉള്‍പ്പെടും. ആഗ്രയിലെത്തിയാണ് ഇയാള്‍ ഇവരെക്കണ്ടത്.

രാജ്യത്ത് പുതിയതായി മൂന്ന് കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇരുവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

ജയ്പുരില്‍ ചികിത്സയിലുള്ള ഇറ്റാലിയന്‍ വിനോദസഞ്ചാരിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. അമേരിക്കയില്‍ വാഷിങ്ടണില്‍ മാത്രം ആറ് പേര്‍ മരിച്ചു. 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനവും ഈ വിഷയത്തില്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Top