ഒരാഴ്ചയ്ക്കുള്ളില്‍ എട്ട് പീഡനം; സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ ക്രമസമാധാനമില്ലാതെ ഹരിയാന

hariyana_news

പാറ്റ്‌ന: ബേട്ടി ബച്ചോവന്‍ ബേട്ടി പഠാവോ പദ്ധതിയില്‍ പൂര്‍ണ്ണ വിജയം കൈവരിച്ച ഹരിയാന സര്‍ക്കാരിനെ വെട്ടില്‍ വീഴ്ത്തിയിരിക്കുകയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിക്കുന്ന അക്രമങ്ങളും പീഡനങ്ങളും. ഹരിയാനയുടെ ക്രമസമാധാന നില തകര്‍ന്നെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നുള്ള മുറവിളി സംസ്ഥാനത്ത് ഉയരുകയാണ്.

നേരത്തെ, പെണ്‍ഭ്രൂണഹത്യ ഏറെ നിലനിന്നിരുന്ന സംസ്ഥാനമായിരുന്നു ഹരിയാന. അതുകൊണ്ടു തന്നെയാണ് പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും അവരുടെ പഠന നിലവാരത്തിനുമായി ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിക്കായി ഹരിയാനയെ പ്രധാനമന്ത്രി മോദി ആദ്യം തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷം കൊണ്ടു തന്നെ പദ്ധതി നല്ല വിജയമായിരുന്നു നേടിയിരുന്നത്. എന്നാല്‍ ഈ വിജയത്തിനിടയിലും ഹരിയാനയുടെ ക്രമസമാധാനം തകര്‍ത്തത് മറ്റൊന്നുമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമണങ്ങള്‍ തന്നെയാണ്.

കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ഹരിയാനയിലെ വിവിധ ജില്ലകളില്‍ പീഡിപ്പിക്കപ്പെട്ടത് എട്ട് കുട്ടികളാണ്. ജനുവരി 13 മുതല്‍ തുടങ്ങി ജനുവരി 18 വരെയുള്ള കണക്ക് പ്രകാരമാണിത്. ഒടുവില്‍ വന്നത് 20 വയസുകാരിയെ കൂട്ട ബാലാത്സംഗത്തിനിരയാക്കിയ വാര്‍ത്തയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലിലധികം പീഡനങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായ ചാര്‍ഥി ദ്രാദ്രി, മാങ്ക് വാസ്, ഹിസാര്‍ കോളനി, പിന്‍ജോരി, ജിന്ദ്, പാനിപ്പത്ത്, ഫരീദാബാദ് എന്നിവിടങ്ങളിലിലാണ് പീഡനം നടന്നത്.

ഇതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം, സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം നടപ്പിലാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചൂണ്ടികാണിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുമുണ്ട്.

കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ പീഡനത്തിനിരയായവരില്‍ ദളിത് രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മൂന്നു വയസുകാരി മുതല്‍ വിവാഹിത വരെ പീഡനത്തില്‍ ഇരയായിവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന മൂന്നു വയസുകാരിയെ പതിനാലു വയസുകാരന്‍ പീഡിപ്പിച്ചത് ഹരിയാനയെ അത്ഭുതപ്പെടുത്തിയിരുന്നു. ഹിസാറിലായിരുന്നു സംഭവത്തില്‍ പതിനാലുകാരനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

കൂടാതെ ജിന്ദ് ജില്ലയില്‍ നിന്ന് പതിമൂന്നു കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം നടത്തി ശരീരാവയവങ്ങള്‍ നശിപ്പിച്ച് വികൃതമാക്കിയ നിലയിലായിരുന്നു കനാലില്‍ തള്ളിയിരുന്നത്. ഇതിനെതിരെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ ദത്തര്‍വാല്‍ പ്രതികരിച്ചിരുന്നു. ഹരിയാനയില്‍ മറ്റൊരു നിര്‍ഭയ കൂടിയെന്ന് അദ്ദേഹം അതിനെ കുറിച്ച് വിലയിരുത്തിയിരുന്നു. പതിമൂന്നുകാരിയായ ആ പെണ്‍കുട്ടിക്ക് 19 മുറിവുകളാണ് ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. കൂടാതെ ശ്വാസകോശവും, മറ്റ് ആന്തരീക അവയവങ്ങളും തകര്‍ന്ന നിലയിലായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രണ്ടു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് കനാലില്‍ തള്ളുകയായിരുന്നു. അതേസമയം, ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി 2 മണിക്കൂറുകളോളം പീഡിപ്പിച്ച് പിന്നീട് വഴിയില്‍ ഇറക്കി വിട്ട സംഭവവും അടുത്തിടെയാണ് നടന്നത്.

ഇതിലെല്ലാം പ്രതികളാകുന്നത് അയല്‍വാസികളോ, കളികൂട്ടുകാരോ, സുഹൃത്തുക്കളോ, ബന്ധുക്കളൊക്കെ തന്നെയാണ്. പല കേസുകളിലും ഇപ്പോഴും പ്രതികളെ പിടികൂടാന്‍ പൊലീസിനു സാധിച്ചിട്ടില്ല. ഇത് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ഹരിയാനയിലെ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ ഭയമാണ്, കുട്ടികള്‍ ഒറ്റയാക്കാകുമ്പോള്‍ വീടെത്തുന്നതുവരെ ഒരു മനസിലൊരു പിടച്ചിലാണെന്ന് അമ്മമാര്‍ പറയുന്നു. ഇങ്ങനെ മറ്റുള്ളവര്‍ പീഡിപ്പിച്ചു കൊല്ലുകയാണെങ്കില്‍ എങ്ങനെ അവരെ പഠിപ്പിക്കും…? എങ്ങിനെ അവര്‍ക്ക് ജന്മ നല്‍കുമെന്നാണ് അമ്മമാര്‍ ചിന്തിക്കുന്നത്. വീണ്ടും ഹരിയാന പെണ്‍ഭ്രൂണ ഹത്യയിലേക്ക് തന്നെ നീങ്ങുകയാണോയെന്ന സംശയമാണ് ഇവിടെ ഉയരുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികള്‍ ഇല്ലാതായി തീരും….

Top