ഡൽഹി : ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് ജില്ലകളിൽ വെള്ളിയാഴ്ച വൈകുന്നേരം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേർ മുങ്ങിമരിച്ചു. മഹേന്ദർഗഡിലെ കനാലിൽ നാല് യുവാക്കളാണ് മുങ്ങിമരിച്ചത്. സോനിപത്തിലെ യമുന നദിയിൽ രണ്ട് പേരും മുങ്ങിമരിച്ചു.
ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ഒമ്പത് യുവാക്കൾ മഹേന്ദർഗഡിലെ കനാലിൽ ഒഴുക്കിൽപ്പെട്ടത്. ജില്ലാ ഭരണകൂടം എൻഡിആർഎഫിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലുപേർ മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മഹേന്ദ്രഗഡ്, സോനിപത് ജില്ലകളിലെ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ നിരവധി പേർ മുങ്ങി മരിച്ചെന്ന വാർത്ത ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വിറ്ററിൽ കുറിച്ചു.