പട്നാ: നിതീഷ് കുമാറിന് അരുണാചല്‍ പ്രദേശിലും തിരിച്ചടി. അരുണാചലില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ (ജെ.ഡി.യു)നിന്നും ആറ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് ഒറ്റ എംഎല്‍എയായി ചുരുങ്ങി. എന്നാല്‍, ഇതോടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉള്‍പ്പെടെ ബിജെപി പക്ഷത്ത് 48 എംഎല്‍എമാരായി.
ജെഡിയു എം.എല്‍.എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോര്‍ജീ വാമ്ങ്ഡി ഖര്‍മ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ജെഡിയു സംസ്ഥാന മേധാവിയോട് ആലോചിക്കാതെ നിയമസഭാ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുത്തതിനേ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്‌പെന്‍ഡ് ചെയ്യുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷയും വിശ്വാസവുമാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിയുറാം വാഹെ പറഞ്ഞു.