ന്യൂഡല്‍ഹി: 2017 മുതല്‍ 2021 സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ ആറ് ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മറ്റൊരു രാജ്യത്തിനായി ആറ് ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വച്ചതെന്ന കണക്ക് അവതരിപ്പിച്ചത്.
2017ല്‍ 1.33 ലക്ഷം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചപ്പോള്‍ 2018ല്‍ 1.34 ലക്ഷം, 2019ല്‍ 1.44 ലക്ഷം, 2020ല്‍ 85,248, 2020ല്‍ 1.121 ലക്ഷം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലേക്ക് പൗരന്‍മാരായി ചേക്കേറിയത്. വിദേശകാര്യ മന്ത്രാലയത്തില്‍ ലഭ്യമായ വിവരമനുസരിച്ച്, 1,33,83,718 ഇന്ത്യന്‍ പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ ജോലിക്കായും മറ്റുമായി താമസിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകത്ത് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചവരുടെ കണക്കും മന്ത്രി അവതരിപ്പിച്ചു. 2016 നും 2020 നും ഇടയില്‍ 4,177 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്. 10,645 പേരാണ് ഇക്കാലയളവില്‍ അപേക്ഷ നല്‍കിയത്. ഇതില്‍ കൂടുതല്‍ പേരും പാകിസ്ഥാനില്‍ നിന്നുമാണ് (7,782). അഫ്ഗാനിസ്ഥാന്‍ (795), യുഎസ് (227), ശ്രീലങ്ക (205), ബംഗ്ലാദേശ് (184), നേപ്പാള്‍ (167), കെനിയ (185) എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. 2016ല്‍ 2,262 പേര്‍ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചപ്പോള്‍ 2017ല്‍ 855, 2018ല്‍ 1,758, 2019ല്‍ 4,224, 2020ല്‍ 1,546 എന്നിങ്ങനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുള്ള കണക്കുകള്‍.
പൗരത്വ (ഭേദഗതി) നിയമത്തിന് (സിഎഎ) യോഗ്യരായ ആളുകള്‍ക്ക് നിയമങ്ങള്‍ വിജ്ഞാപനം ചെയ്തതിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാമെന്ന് റായ് ലോക്‌സഭയില്‍ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അതിവേഗം ലഭിക്കാന്‍ ഇതിലൂടെയാകും.