ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആറ് മലയാളികള്‍

കൊച്ചി: ഫോബ്സിന്‌റെ ഇന്ത്യക്കാരായ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച് ആറ് മലയാളികള്‍. 480 കോടി ഡോളറിന്റെ (35,500 കോടി രൂപ) ആസ്തിയുമായി മുന്നിലെത്തിയത് ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റാണ്. സഹോദരന്മാരുടെ കൂടി സമ്പത്ത് കണക്കിലെടുത്താണ് ഇത്. അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി തന്നെയാണ് മുന്നില്‍. 445 കോടി ഡോളറാണ് (32,900 കോടി രൂപ) അദ്ദേഹത്തിന്റെ സമ്പാദ്യം.

മുത്തൂറ്റ് ഫിനാന്‍സ് ഉടമകളുടെ സമ്പത്തില്‍ വലിയ വളര്‍ച്ചയുണ്ടാക്കിയത് കോവിഡ് പ്രതിസന്ധി മൂലം സ്വര്‍ണപ്പണയത്തിന് വന്‍തോതില്‍ ഡിമാന്‍ഡ് ഉയര്‍ന്നതുമൂലം ഓഹരി വില ഉയര്‍ന്നതാണ്. ലുലുവിന്റെ റീട്ടെയില്‍ ശൃംഖലയില്‍ അബുദാബി സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനമായ എ.ഡി.ക്യു. 8,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിയതിനു പിന്നാലെ സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്.) കൂടി ഓഹരിയെടുക്കാന്‍ ഒരുങ്ങുന്നുണ്ട്. അതിനാല്‍, വരും വര്‍ഷങ്ങളില്‍ യൂസഫലിയുടെ സമ്പത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ബൈജൂസ് ലേണിങ് ആപ്പ്’ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ (305 കോടി ഡോളര്‍-22,570 കോടി രൂപ), ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (260 കോടി ഡോളര്‍-19,240 കോടി രൂപ), ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (185 കോടി ഡോളര്‍-13,700 കോടി രൂപ), ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (156 കോടി ഡോളര്‍-11,550 കോടി രൂപ) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

Top