ഹരിദാസ് വധക്കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ പുന്നേല്‍ ഹരിദാസ് വധക്കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുളള രണ്ടു പേരേയും ഗൂഢാലോചന കുറ്റം ചുമത്തി നാലു പേരെയുമാണ് അറസ്റ്റ് ചെയ്തത്. പൊച്ചറ ദിനേശന്‍ എന്ന ദിനേശന്‍, പ്രജൂട്ടി എന്ന പ്രഷീജ്, സി കെ അര്‍ജ്ജുന്‍, കെ അഭിമന്യു, സി കെ അശ്വന്ത്, ദീപക് സദാനന്ദന്‍ എന്നിവരാണ് അറസ്റ്റിലായത്.

സി കെ അര്‍ജ്ജുന്‍, കെ അഭിമന്യു, സി കെ അശ്വന്ത്, ദീപക് സദാനന്ദന്‍ എന്നിവരെയാണ് ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പൊച്ചറ ദിനേശന്‍ എന്ന ദിനേശന്‍ , പ്രജൂട്ടി എന്ന പ്രഷീജ് എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് സൂചന. പൊലീസ് കസ്റ്റഡിയിലുള്ള തലശേരി നഗരസഭ കൗണ്‍സിലര്‍ ലിജേഷും കൊലപാതക സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന സൂചന. രാഷ്ട്രീയ വൈരാഗ്യമാണ് ഹരിദാസിന്റെ കൊലക്ക് പിന്നില്‍ എന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്നലെ കൊലപാതകത്തില്‍ നേരിട്ട് പങ്കുളള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരായ പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ബിജെപി നേതാവും കൗണ്‍സിലറുമായ ലിജേഷ്, ബിജെപി പ്രവര്‍ത്തകരായ കെ വി വിമിന്‍, അമല്‍ മനോഹരന്‍, സുനേഷ് എന്നീ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

Top