സംസ്ഥാനം പേമാരിയുടെ ഭീതിയില്‍ ; ചൊവ്വാഴ്ച മാത്രം മരിച്ചത് ആറുപേര്‍

കൊച്ചി : സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ചൊവ്വാഴ്ച മാത്രം ആറുപേര്‍ മരിച്ചു. മൂന്നുപേരെ കാണാതായി. ആലപ്പുഴ, കോട്ടയം,മലപ്പുറം ജില്ലകളില്‍ രണ്ടുപേര്‍ വീതമാണ് മരിച്ചത്. ആലപ്പുഴ ചെന്നിത്തലയില്‍ വള്ളം മറിഞ്ഞ് തൃപ്പെരുന്തുറയില്‍ മാത്യുവും (ബാബു-62) കുറത്തിക്കാട് കനാലില്‍ കാല്‍വഴുതി വീണ് പള്ളിയാവട്ടം തെങ്ങുംവിളയില്‍ രാമകൃഷ്ണനും (69) ആണ് മരിച്ചത്.

കോട്ടയം ജില്ലയിലെ കാരിക്കോട് മൂര്‍ക്കാട്ടുപടി ഇറമ്പില്‍ പാടശ്ശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് പരേതനായ ജിനുവിന്റെ മകനും പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ അലന്‍ (14) മരിച്ചു. കോട്ടയം അഴുതയാറ്റില്‍ കാല്‍വഴുതിവീണ് ഒഴുക്കില്‍പെട്ട് കാണാതായ ദീപുവിന്റെ (34) മൃതദേഹം ആനക്കല്ലില്‍ ആറ്റുവഞ്ചിയില്‍ തടഞ്ഞനിലയില്‍ കണ്ടെത്തി.

മലപ്പുറം മേലാറ്റൂരില്‍ വെള്ളംനിറഞ്ഞ വയലില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് വലിയപറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണന്‍ (68) മരിച്ചു. കഴിഞ്ഞദിവസം തേഞ്ഞിപ്പലത്തുനിന്ന് കടലുണ്ടിപ്പുഴയില്‍ കാണാതായ മുഹമ്മദ് റബീഹിന്റെ (ഏഴ്) മൃതദേഹം കണ്ടെത്തി.

കോട്ടയം മുണ്ടക്കയത്ത് മണിമലയാറ്റില്‍ മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട അടൂര്‍ മണക്കാല വട്ടമലതെക്കേതില്‍ ഷാഹുല്‍ (21), അടൂര്‍ കടമ്പനാട് മാഞ്ഞാലി മേലൂട്ട് തെക്കേതില്‍പ്രവീണ്‍ (24) എന്നിവര്‍ക്കായുള്ള തിരച്ചില്‍ രണ്ടാംദിനവും തുടരുകയാണ്.

Top