ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ആറ് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. ബിജ്‌ബെഹ്‌റയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈനികര്‍ നടത്തിയ പരിശോധനക്കിടെയാണ് തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു യുദ്ധവേളയിലുപയോഗിക്കുന്ന തരത്തില്‍ ആയുധശേഖരം കണ്ടെത്തിയതായി സൈനിക വക്താവ് രാജേഷ് കാലിയ വ്യക്തമാക്കി.
പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടെന്ന നിഗമനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
അതേസമയം ജമ്മു കശ്മീര്‍ നിയന്ത്രണരേഖയില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. പൂഞ്ച്, രജൗരി ജില്ലകളിലായിരുന്നു പാക്ക് ആക്രമണം.
ഷെല്ലാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൂഞ്ച് ടൗണില്‍ വരെ പാക്കിസ്ഥാന്‍ തൊടുത്ത ഷെല്ലുകള്‍ എത്തിയതായായിരുന്നു റിപ്പോര്‍ട്ടുകള്‍. പാക്ക് നടത്തിയ ഷെല്ലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശത്തെ വിദ്യാലയങ്ങള്‍ അടച്ചിരുന്നു.