ആറായിരം സ്ത്രീകളെ പീഡിപ്പിച്ചു; അഞ്ഞൂറ് കോടി കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ കോടതിയുടെ അനുമതി

വാഷിങ്ടണ്‍: ലോകത്തില്‍ തന്നെ ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് എറ്റവും വലിയ പീഡനാരോപണ കേസ് പണം കൊടുത്ത് തീര്‍പ്പാക്കാന്‍ കോടതിയുടെ അനുമതി. അമേരിക്കയിലാണ് സംഭവം. ആറായിരത്തോളം സ്ത്രീകളെ പീഡിപ്പിച്ചെന്ന കേസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് 64 കാരനായ ജെയിംസ് ഹീപ്സാണ് പ്രതി.

ഇരകള്‍ക്ക് നഷ്ടപരിഹാരമായി 73 മില്യണ്‍ ഡോളര്‍ (അഞ്ഞൂറ് കോടിയിലേറെ രൂപ) നല്‍കണമെന്നാണ് തീരുമാനം. 2500 ഡോളര്‍ മുതല്‍ 2,50,000 ഡോളര്‍ വരെ ഓരോരുത്തര്‍ക്കും ലഭിക്കും. നഷ്ടപരിഹാരം വീതിച്ചു നല്‍കാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.1983 മുതല്‍ 2018 വരെയുള്ള സമയത്താണ് പീഡനങ്ങള്‍ നടന്നത്. സര്‍വകലാശാലയിലെ സ്റ്റുഡന്റ് ഹെല്‍ത്ത് സെന്റര്‍, മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ വെച്ച് ജയിംസ് ഹീപ്സ് ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. പരിശോധനയ്ക്കിടെ ഉപദ്രവിച്ചു, അള്‍ട്രാസൗണ്ട് സ്‌കാനിങ് ഉപകരണം കൊണ്ട് ലൈംഗികവേഴ്ച അനുകരിച്ചു, അശ്ലീല വാക്കുകള്‍ പ്രയോഗിച്ചു തുടങ്ങിവയായിരുന്നു ഹീപ്സിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.

സര്‍വകലാശാലയ്ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു. ഹീപ്സിന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇരകളില്‍ ഒരാള്‍ ആരോപിച്ചു. സംഭവം വാര്‍ത്തകളില്‍ നിറഞ്ഞതോടെ വിശദീകരണവുമായി സര്‍വകലാശാല രംഗത്തെത്തി.2017 ഡിംസബറില്‍ ഹീപ്സിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും 2018-ല്‍ വിരമിച്ച ഹീപ്സിന്റെ കരാര്‍ നീട്ടി നല്‍കിയില്ലെന്നുമാണ് സര്‍വകലാശാലയും വിശദീകരണം. ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

അതേസമയം ഹീപ്സിനെതിരെയുള്ള എല്ലാ കേസുകളും അവസാനിച്ചിട്ടില്ല. 21 ക്രിമിനല്‍ കേസുകള്‍ ഇപ്പോഴും ഇയാള്‍ക്കെതിരെയുണ്ട്. ഇതില്‍ ഏഴ് സ്ത്രീകള്‍ നല്‍കിയ ലൈംഗികപീഡന പരാതിയുമുണ്ട്. 67 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നാണ് ഹീപ്സിന്റെ വാദം.

 

Top