ഇടത് കോട്ടയില്‍ താമര വിരിഞ്ഞു ; ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

അഗര്‍ത്തല: ഇടതുപാര്‍ട്ടികളുടെ ഉറച്ച കോട്ടയായ ത്രിപുര പിടിക്കാനുള്ള അമിത് ഷായുടെ പരിശ്രമങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്‌ഹോള്‍, ബിശ്വ ബന്ദു സെന്‍, പ്രന്‍ജിത് സിങ് റോയ്, ദിലീപ് സര്‍ക്കാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം മറികടന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിന് വോട്ടു ചെയ്തതിന് പിന്നാലെയാണ് ഇവരുടെ കൂടുമാറ്റം.

ഇതില്‍ അഞ്ച് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.

ത്രിപുരയില്‍ പാര്‍ട്ടി നേതൃത്വവുമായി വിഘടിച്ചു നില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേരുമെന്നും സൂചനയുണ്ട്. 60 അംഗ ത്രിപുര നിയമസഭയില്‍ ഇടതുപക്ഷത്തിന് 50ഉം കോണ്‍ഗ്രസിന് നാലും സീറ്റുകളാണുള്ളത്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു സീറ്റുപോലും ലഭിച്ചിട്ടില്ലാത്ത ബിജെപിക്ക് ഒറ്റയടിക്ക് ആറ് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനായത് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഊര്‍ജ്ജമാകും.

2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ത്രിപുര, അധികാരം പിടിക്കാന്‍ ബിജെപി ലക്ഷ്യമിട്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. കഴിഞ്ഞ 24 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണിത്. സിപിഎം നേതാവ് മാണിക് സര്‍ക്കാരാണ് 1998 മുതല്‍ ഇവിടെ മുഖ്യമന്ത്രി.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം മത്സരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നവരാണ് ഈ എംഎല്‍എമാര്‍.

ഇടതുപക്ഷം കൂടി സഖ്യകക്ഷിയായിട്ടുള്ളതിനാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഐക്യപ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിന് വോട്ടു ചെയ്യാനാവില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ഇവരെ പുറത്താക്കുകയായിരുന്നു.

Top