ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സയീദാബാദ് മേഖലയിലെ സിംഗരേണിയിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. അര്‍ധരാത്രിയോടെ അയല്‍വാസിയുടെ വീടിന് സമീപത്ത് നിന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അതേ സമയം പ്രദേശത്ത് എത്തിയ പൊലീസിന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. പെണ്‍കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിനെയും നാട്ടുകാര്‍ തടഞ്ഞു.

കേസിലെ പ്രതിയെ വിട്ടു നില്‍ക്കാതെ മൃതദേഹം കൊണ്ടുപോകാനാകില്ലെന്നായിരുന്നു പ്രദേശവാസികളുടെ വാദം. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലും മുളകുപൊടിയും തൂകി. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് പ്രദേശത്ത് കൂടുതല്‍ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത വീട്ടിലെ രാജുവിനായുള്ള അന്വേഷണം വേഗത്തിലാക്കുമെന്ന് ഉടനെത്തന്നെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുഞ്ഞിന്റെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഹൈദരാബാദ് ജില്ല കലക്ടര്‍ എല്‍ ശര്‍മന്‍ അറിയിച്ചു.

 

Top