ഒന്നേമുക്കാൽ കോടിയുടെ നിരോധിത കറൻസിയുമായി ആറം​ഗസംഘം പിടിയിൽ

മലപ്പുറം : ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറംഗ സംഘത്തെ പോലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

വടകര വില്ല്യാപ്പള്ളി കുനിയില്‍ അശ്‌റഫ്, കിഴക്കേപ്പനയുള്ളതില്‍ സുബൈര്‍, മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി ഇരുമ്പാലയില്‍ സിയാദ്, കുളത്തൂര്‍ പള്ളിയാല്‍കുളമ്പ് സ്വദേശി പൂവളപ്പില്‍ മുഹമ്മദ് ഇര്‍ഷാദ്, മൂച്ചിക്കൂടത്തില്‍ സാലി ഫാമിസ്, പാലക്കാട് ചെറുപ്പുളശ്ശേരി ഇടയാറ്റില്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പോലീസ് പിടിയിലായത്.

നിരോധിത കറന്‍സിയായ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ വില്‍പ്പനയും വിതരണവും നടത്തിയ സംഘമാണ് പോലീസ് പിടിയിലായത്. പെരിന്തല്‍മണ്ണ എഎസ്പി രേഷ്മ രമേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. കുളത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Top