നാളെ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സ്‌കോഡയുടെ പുത്തന്‍ എസ്യുവി കരോക്. പരിഷ്‌കരിച്ച സുപെര്‍ബ്, ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എന്‍ജിനോടെയെത്തുന്ന റാപിഡ് 1.0 ടിഎസ്‌ഐ എന്നിവയും ഇതോടൊപ്പം ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്.
ഇരുനിര സീറ്റുകളുള്ള സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ കരോക്കിന് 26-27 ലക്ഷം രൂപയാണു വില പ്രതീക്ഷിക്കുന്നത്. അരലക്ഷം രൂപ അഡ്വാന്‍സ് ഈടാക്കി രാജ്യത്തെ സ്‌കോഡ ഡീലര്‍ഷിപ്പുകള്‍ കരോക്കിനുള്ള ബുക്കിങ് സ്വീകരിക്കുന്നുണ്ട്. സ്‌കോഡ ഇന്ത്യ വെബ്‌സൈറ്റ് മുഖേനയും കരോക് ബുക്ക് ചെയ്യാനാവും.
ഫോക്‌സ്‌വാഗണ്‍ ടി റോക്കില്‍ അരങ്ങേറ്റം കുറിച്ച 1.5 ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാവും കരോക്കിനും കരുത്തേകുക. 150 പി എസ് വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. സിലിണ്ടര്‍ ഡീആക്ടിവേഷന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയെത്തുന്ന എന്‍ജിനു വാഹനഭാരം കുറവുള്ള വേളയില്‍ രണ്ടു സിലിണ്ടറില്‍ പ്രവര്‍ത്തിക്കാനുള്ള ക്ഷമതയുമുണ്ട്. ടി റോക്കില്‍ നിന്നു വ്യത്യസ്തമായ ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടില്ലാതെയാണു കരോക്കിന്റെ വരവ്.
ഇരട്ട മേഖല ക്ലൈമറ്റ് കണ്‍ട്രോള്‍, പവേഡ് ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എട്ട് ഇഞ്ച് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയൊക്കെ അകത്തളത്തിലുണ്ട്. മാത്രമല്ല മികച്ച സുരക്ഷയ്ക്കായി ഒന്‍പത് എയര്‍ബാഗുകളുമാണ് സ്‌കോഡ ഈ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.