ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‌യുവി ആയ കുഷാഖ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയന്‍ ആധിപത്യമുള്ള മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാന്‍ കുഷാഖ് എത്തിയത്.
ഇപ്പോള്‍ കുഷാഖിന്റെ ഡെലിവറിയും സ്‌കോഡ ആരംഭിച്ചിരിക്കുകയാണെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1.0 ലിറ്റര്‍ TSI എഞ്ചിന്‍ പതിപ്പ് മാത്രമാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ 1.5 ലിറ്റര്‍ TSI-യുടെ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 25,000 രൂപയാണ് വാഹനത്തിന്റെ ബുക്കിംഗ് തുക.
രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ് കുഷാഖ്. സംസ്‌കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവര്‍ത്തി എന്നൊക്കെയാണ് ഈ പേരിന്റെ അര്‍ത്ഥം. പേരുപോലെ തന്നെ സകല എതിരാളികളെയും ഞെട്ടിക്കുന്ന വിലയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 2021 മാര്‍ച്ചിലാണ് കമ്പനി ആദ്യമായി ഈ മോഡലിനെ അവതരിപ്പിക്കുന്നത്. 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലും ഫോക്‌സ്വാഗണ്‍ ഗ്രൂപ്പ് നൈറ്റിലും സ്‌കോഡ അവതരിപ്പിച്ച വിഷന്‍ ഇന്‍ (Vision IN) കണ്‍സെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്യുവിയാണ് കുഷാഖ്.
ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ പൂനെയിലെ ചകാന്‍ പ്ലാന്റിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. സ്‌കോഡ-ഫോക്സ്വാഗണ്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്ഫോമില്‍ ആദ്യമായി ഒരുങ്ങുന്ന സ്‌കോഡ വാഹനമാണ് കുഷാക്ക്. 4225 എം.എം. നീളവും 1760 എം.എം. വീതിയും 1612 എം.എം. ഉയരവും 2651 എം.എം. വീല്‍ബേസും 188 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് കുഷാക്കില്‍ നല്‍കിയിട്ടുള്ളത്.
1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി.എസ്.ഐ. എന്നീ പെട്രോള്‍ ടര്‍ബോ എന്‍ജിനുകളാണ് കുഷാഖിന്റെ ഹൃദയങ്ങള്‍. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ എന്‍ജിന്‍ 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്കും 1.5 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവലിനൊപ്പം ഏഴ് സ്പീഡ് ഡി.എസ്.ജിയും ട്രാന്‍സ്മിഷന്‍ ഒരുക്കും.
സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട് ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, രണ്ട് പെട്രോള്‍ എന്‍ജിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ് സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഏഴ് സ്പീഡ് ഡി.എസ്.ജി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും കുഷാഖിനുണ്ട്. ഇന്ത്യയിലെ വികസനവും ഉല്‍പാദനവും സംബന്ധിച്ച് 95 ശതമാനം പ്രാദേശികവല്‍ക്കരണ നില കൈവരിക്കാന്‍ സ്‌കോഡ അതിന്റെ പൂനെ പ്ലാന്റില്‍ ഒരു പുതിയ എംക്യുബി. ഉത്പാദന ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം എസ്യുവിയുടെ കുറഞ്ഞത് 50,000 യൂണിറ്റുകള്‍ എങ്കിലും വിറ്റഴിക്കാനാണ് സ്‌കോഡ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 അവസാനത്തോടെ 60,000 യൂണിറ്റുകളും വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും വില്‍പ്പനയ്ക്ക് വേഗം കൂട്ടാന്‍ കുഷാഖിന്റെ മോണ്ടെ കാര്‍ലോ പതിപ്പും സമീപ ഭാവിയില്‍ കമ്പനി ഇന്ത്യയില്‍ എത്തിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.